അനുമതി വാങ്ങിയില്ല; കബ്ബൺ പാർക്കിലെ സീക്രട്ട് സാന്താ ‘ബുക്ക് എക്സ്ചേഞ്ച്’ ആഘോഷം തടഞ്ഞു
text_fieldsബംഗളൂരു: മുൻകൂർ അനുമതി വാങ്ങാത്തതിനാൽ കബ്ബൺ പാർക്കിൽ നടത്താനിരുന്ന സീക്രട്ട് സാന്താ ‘ബുക്ക് എക്സ്ചേഞ്ച്’ ആഘോഷം ഹോർട്ടികൾചർ അധികൃതർ ഇടപെട്ട് റദ്ദാക്കി. തുടർന്ന് സംഘാടകരോട് 35,000 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും രേഖാമൂലം ക്ഷമാപണം നടത്തിക്കുകയും ചെയ്തു.
സീക്രട്ട് സാന്തായിൽ പങ്കെടുക്കാൻ ആയിരത്തിലധികം ആളുകൾ എത്തിയതായി അധികൃതർ പറഞ്ഞു.എന്നാൽ അഞ്ഞൂറോളം പേരേയുണ്ടായിരുന്നുള്ളൂ എന്ന് ഗ്രൂപ് അവകാശപ്പെടുന്നു, ഇത്രയും വലിയ ജനപങ്കാളിത്തം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിൽ ഒത്തുകൂടുന്ന ജനപ്രിയ സൗജന്യ നിശ്ശബ്ദ വായന കൂട്ടായ്മയായ കബ്ബൺ റീഡ്സിന്റെ ഓൺലൈൻ പോസ്റ്റിന് പിറകെയാണ് ആളുകൾ പരസ്പരം പുസ്തകങ്ങൾ സമ്മാനിക്കാൻ ബാൻഡ് സ്റ്റാൻഡിന് സമീപം ഒത്തുകൂടിയത്.
പാർക്കിൽ 20ൽ അധികം ആളുകൾ ഒത്തുകൂടുന്നതിന് ഡിപ്പാർട്മെന്റിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും അതു സംഘം നേടിയിട്ടില്ലെന്നും കബ്ബൺ പാർക്കിലെ ഹോർട്ടികൾചർ ഡെപ്യൂട്ടി ഡയറക്ടർ ജി. കുസുമ മാധ്യമങ്ങളോട് പറഞ്ഞു. പരിപാടിക്ക് എത്തിയവർ പ്ലാസ്റ്റിക് കവറുകൾ കൈയിൽ കരുതിയിരുന്നതായും അവർ പറഞ്ഞു.
ഇവന്റുകൾ നടത്തുന്നതിന് അവ സൗജന്യമോ വാണിജ്യപരമോ എന്നത് പരിഗണിക്കാതെ 30,000 രൂപ ഫീസും 20,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.ഇവന്റുകളുടെ സ്വഭാവവും പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. മാരത്തണുകൾ, വാക്കത്തണുകൾ, യോഗ സെഷനുകൾ, പുസ്തക വായന എന്നിവ അനുവദനീയമാണ്.എന്നാൽ, മതപരമായ പ്രവർത്തനങ്ങൾ പോലുള്ള പരിപാടികൾ അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.