ബാബ ബുധൻഗിരി സന്ദർശിച്ച് തീർഥാടകർ
text_fieldsബംഗളൂരു: ചിക്കമഗളൂരുവിലെ ബാബ ബുധൻഗിരിയിലെ ഗുരു ദത്താത്രേയ ബാബബുധൻസ്വാമി ദർഗയിൽ ത്രിദിന ദത്ത ജയന്തി ആഘോഷത്തിന് തീർഥാടക പ്രവാഹം. മുൻമന്ത്രിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി. രവി, മുൻ മന്ത്രി പ്രമോദ് മദ്വരാജ് എന്നിവരടക്കം ബി.ജെപി നേതാക്കൾക്ക് പുറമെ, വി.എച്ച്.പി, ബജ്റംഗ്ദൾ നേതാക്കളും വിവിധ മഠങ്ങളിലെ പ്രതിനിധികളും ദത്തജയന്തിയിൽ പങ്കെടുത്തു. സ്ഥലത്ത് സുരക്ഷക്കായി 4,000 പൊലീസുകാരെ ജില്ല ഭരണകൂടം നിയമിച്ചിരുന്നു. മേഖലയിൽ ഡെപ്യൂട്ടി കമീഷണർ മീന നാഗരാജ് ഇന്ത്യൻ ശിക്ഷ നിയമം 144 പ്രകാരം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. ആഘോഷം നടക്കുന്ന ജാഗര ഹുബ്ലി നാഗെനഹള്ളി ദർഗയുടെ 200 മീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ.
ശ്രീരാമസേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക്, കർണാടക പ്രസിഡന്റ് ഗംഗാധർ റാവു കുൽക്കർണി എന്നിവർ ജില്ലയിൽ പ്രവേശിക്കുന്നത് ജനുവരി അഞ്ച് വരെ വിലക്കി മറ്റൊരു ഉത്തരവും ഇറക്കി. ഒക്ടോബർ 30നും നവംബർ അഞ്ചിനും ശ്രീരാമസേന സംഘടിപ്പിച്ച ദത്തമാല അഭിയാൻ പരിപാടിയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്താൻ കാരണം.
അത്തരം പ്രസംഗം ആവർത്തിക്കുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ശ്രീരാമസേന പ്രവർത്തകൻ രഞ്ജിത്ത് ഷെട്ടിയെ (29) മുൻകരുതലായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.