കൊല്ലരുതെന്ന് കെഞ്ചി; ആഭരണങ്ങളും താക്കോലും കവർച്ചക്കാർക്ക് കൈമാറി
text_fieldsമംഗളൂരു: കവർച്ച സംഘത്തിൽ ഒമ്പത് പേരുണ്ടായിരുന്നെന്ന് മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉളൈബെട്ടുവിലെ പൊതുമരാമത്ത് കരാറുകാരൻ പത്മനാഭ കൊട്ട്യൻ ഞായറാഴ്ച പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ ദിവസം രാത്രി തന്റെ വീട്ടിൽ കയറിയ കൊള്ളസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കൊട്ട്യൻ പറയുന്നത് ഇങ്ങനെ: വൈകുന്നേരം ആറരയോടെയാണ് ഞാൻ വീട്ടിൽ എത്തിയത്. തോട്ടത്തിൽ ചെന്നപ്പോൾ തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ വൈദ്യുതി ഇല്ലെന്ന് അറിയിച്ചു.
ഏഴരയോടെ ടെസ്റ്ററുമായി അത് നേരെയാക്കാൻ ശ്രമിച്ചു. തിരിച്ചുവരുമ്പോൾ കാവൽ നായ നിർത്താതെ കുരച്ചിരുന്നു. മാസ്ക് ധാരികൾ എന്റെ കാലിൽ കുത്തി. അരമണിക്കൂറോളം മൽപിടിത്തം നടത്തി ഞാൻ നിലവിളിച്ചു.
ഭാര്യക്കും മകനും നേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. ജീവന് കെഞ്ചിയ ഭാര്യ ആഭരണങ്ങൾ ഊരി നൽകി, അലമാരയുടെ താക്കോലുകളും കൈമാറി. ഓടിയെത്തിയ മൂന്ന് തൊഴിലാളികളെയും കവർച്ചക്കാർ കത്തി വീശി തടഞ്ഞു. മുക്കാൽ മണിക്കൂറിനകം ആറ് ലക്ഷം രൂപയുടെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും കവർന്നു.
മതിലിലും ഗേറ്റിലും സി.സി.ടി.വി ക്യാമറയുണ്ട്. ഇതിന്റെ ഹാർഡ് ഡിസ്ക് എന്ന് കരുതി വെപ്രാളത്തിൽ വൈഫൈ സംവിധാന ഉപകരണമാണ് കവർച്ചക്കാർ കേടുവരുത്തിയത്. ഒമ്പതുപേരിൽ മാസ്ക് ധരിക്കാത്ത ഒരാളാണ് നിർദേശങ്ങൾ നൽകിയത്. ഹിന്ദിയാണ് സംസാരിച്ചതെങ്കിലും അത് ഹിന്ദിക്കാരുടെ ശൈലിയിലല്ല. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് മൂന്ന് സംഘങ്ങളായി അന്വേഷണം ആരംഭിച്ചതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.