സാംസ്കാരിക അവബോധത്തിൽനിന്ന് ഹിന്ദുത്വത്തെ തുടച്ചുനീക്കണം -പി.എൻ. ഗോപീകൃഷ്ണൻ
text_fieldsബംഗളൂരു: രാജ്യത്ത് ആർ.എസ്.എസ് പിടിമുറുക്കുന്നത് സാംസ്കാരിക ഹിന്ദുത്വത്തിലൂടെയാണെന്നും രാഷ്ട്രീയ ഹിന്ദുത്വം തോറ്റാലും നമ്മുടെ സാംസ്കാരിക അവബോധത്തിൽനിന്ന് സാംസ്കാരിക ഹിന്ദുത്വത്തെക്കൂടി തുടച്ചുനീക്കേണ്ടതുണ്ടെന്നും കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു.
ബംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലർക്ക് നാസിസവും മുസോളിനിക്ക് ഫാഷിസവുമെന്നപോലെയാണ് നരേന്ദ്ര മോദിക്ക് സവർക്കറിസവും. പ്രത്യക്ഷ രാഷ്ട്രീയമല്ല സവർക്കറിസം. സാംസ്കാരിക രാഷ്ട്രീയമാണ്. സവർക്കറെ ഹിന്ദുത്വത്തിന്റെ ആത്മാവായി പ്രതിഷ്ഠിക്കാൻ ബോധപൂർവമായ സാംസ്കാരിക നിർമിതി അരങ്ങേറുന്നുണ്ട്.
ബ്രിട്ടീഷുകാരോടും ഹിന്ദുത്വത്തോടും പോരാടിയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. മതേതരത്വം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ ഊടും പാവുമെന്നത് ബഹുസ്വരതയാണ്. ബഹുസ്വരമായ സമൂഹത്തിൽ സ്വയം രൂപപ്പെടുന്നതാണ് മതേതരത്വം. ഹിന്ദുത്വം വളർന്നത് ഹിന്ദുത്വ ആശയങ്ങളിലൂടെ മാത്രമല്ല, മതേതരത്വ നേതാക്കളുടെ ഉദാസീനതയിലൂടെയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഹിന്ദുത്വത്തെയും സാംസ്കാരിക ഹിന്ദുത്വത്തെയും മറികടക്കാൻ മതേതരത്വത്തെ നാം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ഉണർത്തി. മൈസൂർ റോഡ് സെന്റ് ജോസഫ് ചർച്ചിന് എതിർവശം കർണാടക മലബാർ സെന്ററിലെ എം.എം.എ ഹാളിലായിരുന്നു പ്രഭാഷണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചത്.
സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വി.ബി. രാജേഷ് മാസ്റ്റർ, പ്രകാശ് ബാരെ എന്നിവർ സംസാരിച്ചു. ദേശീയ മാനവിക സൗഹാർദ വേദി പുറത്തിറക്കിയ ‘മുറിവേൽക്കുന്ന രാഷ്ട്രം’ എന്ന പുസ്തകത്തിന്റെ ബംഗളൂരുവിലെ പ്രകാശനകർമം പ്രകാശ് ബാരെക്ക് കോപ്പി നൽകി പി.എൻ. ഗോപീകൃഷ്ണൻ നിർവഹിച്ചു. ഷാജു കുന്നോത്ത്, ആർ.വി. ആചാരി, എ.പി. നാരായണൻ, അബി ഫിലിപ്പ്, രമേശൻ, ജയ്സൺ ലൂക്കോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡെന്നിസ് പോൾ, ശംസുദ്ദീൻ കൂടാളി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഇഫ്താർ വിരുന്ന് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.