ജാതി വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ ഗാന്ധിക്ക് സഹായകരമായത് ഗുരു സന്ദർശനമെന്ന് പി.എൻ. ഗോപീകൃഷ്ണൻ
text_fieldsഗാന്ധിജിയുടെ ഗുരു സന്ദർശനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി സി.പി.എ.സി സംഘടിപ്പിച്ച സംവാദത്തിൽ കവി
പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു
ബംഗളൂരു: മഹാത്മാ ഗാന്ധി ആദ്യമായിട്ട് ജാതി വ്യവസ്ഥയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ തുടങ്ങുന്നത് ശിവഗിരിയിൽ നാരായണ ഗുരുവുമായി നടത്തിയ സംഭാഷണത്തിനു ശേഷമാണെന്ന് പ്രശസ്ത കവിയും വാഗ്മിയുമായ പി.എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഗാന്ധിജിയുടെ ഗുരു സന്ദർശനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി സി.പി.എ.സി സംഘടിപ്പിച്ച സംവാദത്തിൽ ‘ഗാന്ധിജിയുടെ ഗുരു സന്ദർശനവും മതനിരപേക്ഷ ഇന്ത്യയും ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ ചരിത്രത്തിന്റെ ഭാഗമായിരുന്നു നമ്മുടെ ഭക്തി പ്രസ്ഥാന കാലത്തെ കവിതകൾ.
ജാതിക്കെതിരെ പൊരുതാൻ അവർ ആത്മീയതയാണ് ആയുധമാക്കിയത്. ഗാന്ധിയും ഈ മാർഗമായിരുന്നു ആദ്യം സ്വീകരിച്ചത്. തൊട്ടുകൂടായ്മ പോലുള്ള ശ്രേണീകൃത അംശങ്ങൾ മാറ്റിയാൽ ജാതി ന്യായീകരിക്കത്തക്കതാണെന്നായിരുന്നു ഗാന്ധിയുടെ വീക്ഷണം. 1925ൽ ഗുരുവുമായും 1931ൽ പൂന ഉടമ്പടിയുടെ ഭാഗമായി അംബേദ്കറുമായും നടത്തിയ സംഭാഷണം ഗാന്ധിജിയിൽ ജാതി വ്യവസ്ഥയുടെ അമാനവികതയെക്കുറിച്ചുള്ള ബോധ്യം ശക്തമാക്കി.
ഗാന്ധിജിയും അംബേദ്കറും ഗുരുവും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഇന്നത്തേക്കാൾ ഇരുണ്ടതാവുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലക്കു മുകളിൽ ഫാഷിസത്തിന്റെ വാൾ തൂങ്ങി നിൽക്കുന്ന ഈ കാലത്ത്, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നീ മൂല്യങ്ങളെക്കുറിച്ച് ഓരോരുത്തരും നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ബ്രാഹ്മണിസത്തിന്റെ മഹത്ത്വത്തെക്കുറിച്ച് ദലിതനെക്കൊണ്ട് അഭിമാനപൂർവം പറയിക്കാൻ കഴിയുന്നു എന്നതാണ് ഫാഷിസത്തിന്റെ വിജയം.
ഇതിനെതിരെ സമൂഹത്തെ പുതുക്കിപ്പണിയാനുള്ള പ്രയത്നങ്ങളിൽ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ സംവാദം ഉദ്ഘാടനം ചെയ്തു. ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. സി. കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു. ചർച്ചയിൽ എഴുത്തുകാരായ ടി.പി. വിനോദ്, കെ.ആർ. കിഷോർ, സി. സഞ്ജീവ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.