പോക്സോ കേസ്: ബി.ജെ.പി നേതാവ് യെദിയൂരപ്പക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
text_fieldsബംഗളൂരു: ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ സി.ഐ.ഡി വിഭാഗം കുറ്റപത്രം സമർപ്പിച്ചു. പോക്സോ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
നേരത്തേ, യെദിയൂരപ്പയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഐ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ഡൽഹിയിൽ കഴിഞ്ഞ അദ്ദേഹം, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഹൈകോടതി ജാമ്യവ്യവസ്ഥയനുസരിച്ച് ജൂൺ 17 ന് ബംഗളൂരുവിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായ 81കാരനായ യെദിയൂരപ്പയെ സി.ഐ.ഡി സംഘം മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വാർധക്യം, മുൻ മുഖ്യമന്ത്രിയായ പ്രമുഖ വ്യക്തി എന്നീ പരിഗണനകളോടെ യെദിയൂരപ്പയുടെ അറസ്റ്റ് ഹൈകോടതി വിലക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17 കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡി.ജി.പി അലോക് കുമാറിന്റെ നിർദേശപ്രകാരം സി.ഐ.ഡിക്ക് കൈമാറി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള (പോക്സോ) നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. 54 കാരിയായ പരാതിക്കാരി മേയ് 26ന് മരണപ്പെട്ടിരുന്നു. എന്നാൽ, കേസിൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച യെദിയൂരപ്പ, തനിക്കെതിരെ ഗൂഢാലോചന നടത്തിയവർക്ക് ജനം ഉചിതമായ മറുപടി നൽകുമെന്ന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.