കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മലയാളി പ്രതിയെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തി
text_fieldsആദർശ്
ബംഗളൂരു: മൈസൂരുവില്‍ മലയാളി വ്യവസായിയുടെ കാര്‍ കൊള്ളയടിച്ച സംഭവത്തിൽ പ്രതിയായ മലയാളി യുവാവ് പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടർന്ന് മുന്നറിയിപ്പ് അവഗണിച്ച പ്രതിയെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. ആലപ്പുഴ കരുവാറ്റ സ്വദേശി ആദര്‍ശിനാണ് (26) വെടിയേറ്റത്.
ആദര്‍ശിന്റെ കുപ്പിച്ചില്ലുകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു പൊലീസുകാര്‍ ആശുപത്രിയിലാണെന്ന് മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് വിഷ്ണുവര്‍ധന മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 20നാണ് മൈസൂരുവിലെ ഗുജ്ജെഗൗഡാനപുരയില്‍ കൊടുവള്ളി സ്വദേശിയായ വ്യവസായിയുടെ കാര്‍ കൊള്ളയടിച്ചത്. സംഭവത്തില്‍ ഗോപാല്പുരയില്നിന്നാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്.
കേസില്‍ തെളിവെടുക്കാനായി ആദര്‍ശിനെ ഗോപാല്‍പുരയിലേക്ക് കൊണ്ടുപോയിരുന്നു. വഴിയില്‍ വെച്ച് മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ കുപ്പിച്ചില്ലുകള്‍ ശേഖരിച്ചെന്നും ഇത് ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചുവെന്നുമാണ് എസ്.പി പറയുന്നത്. ഇതോടെ എസ്.ഐ ശിവനഞ്ച ഷെട്ടി ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ആദര്‍ശ് കീഴടങ്ങിയില്ല. തുടര്‍ന്ന് എസ്.ഐ ദീപക്, ആദര്‍ശിന്റെ കാലില്‍ വെടിവെക്കുകയായിരുന്നു.
കുപ്പിച്ചില്ല് ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ എസ്.ഐ പ്രകാശിനെയും കോണ്‍സ്റ്റബ്ള്‍ ഹരീഷിനെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യവസായിയെ ആക്രമിച്ച് വാഹനവും പണവുമായി കടന്ന കേസില്‍ ആദര്‍ശടക്കം മൂന്നു മലയാളികളെ കഴിഞ്ഞ ദിവസമാണ് മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, വിജേഷ് എന്നിവരാണ് മറ്റു മലയാളികള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.