രാഷ്ട്രീയ വിവാദങ്ങളവസാനിക്കാതെ പുതുവർഷത്തിലേക്ക്
text_fieldsബംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സി.ടി. രവി എം.എൽ.സി വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ നിയമസഭ കൗൺസിലിൽ നടത്തിയ അപകീർത്തികരമായ പരാമർശം സൃഷ്ടിച്ച രാഷ്ട്രീയ വിവാദവും ബി.ജെ.പി എം.എൽ.എ എൻ. മുനിരത്ന നായിഡുവിന് നേരെയുണ്ടായ മുട്ട ആക്രമണ രാഷ്ട്രീയ പശ്ചാത്തലവും അസ്തമിക്കാതെയാണ് സംസ്ഥാനം പുതുവർഷത്തിലേക്ക് കടക്കുന്നത്.
പോയവർഷം തുറന്ന വഖഫ് ഭൂമി വിവാദ അധ്യായം അടഞ്ഞില്ല. വിഷയത്തെ പരമാവധി ആളിക്കത്തിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് ആരോപണം. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യദിയൂരപ്പക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽനിന്നുള്ള സംരക്ഷണ നിയമം (പോക്സോ), പ്രകാരം കുറ്റം ചുമത്തിയത് പ്രതിപക്ഷത്തെ നടുക്കിയ സംഭവമായിരുന്നു. മുൻ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യ മന്ത്രിമാരായ ബി. ശ്രീരാമുലുവും കെ. സുധാകറും കോവിഡ് മഹാമാരി സമയത്ത് ഫണ്ട് ദുരുപയോഗം ചെയ്തതിന് കുറ്റക്കാരാണെന്ന് ഹൈകോടതി ജസ്റ്റിസ് ജോൺ മൈക്കൽ ഡികുൻഹയുടെ നേതൃത്വത്തിലുള്ള കമീഷൻ റിപ്പോർട്ട് കണ്ടെത്തിയത് കഴിഞ്ഞവർഷം ബി.ജെ.പിക്കേറ്റ മറ്റൊരു ആഘാതമായിരുന്നു.
റിപ്പോർട്ട് പഠിക്കാനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. ജസ്റ്റിസ് ഡികുൻഹയുടെ റിപ്പോർട്ടിനെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആക്ഷേപിക്കുകയും അദ്ദേഹത്തെ രാഷ്ട്രീയ ഏജന്റെന്ന് വിളിക്കുകയും ചെയ്തു. എന്നാൽ, ഗവർണർക്ക് കോൺഗ്രസ് നൽകിയ പരാതിയെതുടർന്ന് ജോഷിക്ക് ജസ്റ്റിസ് ഡികുൻഹയോട് മാപ്പ് പറയേണ്ടിയും വന്നു. സിദ്ധരാമയ്യക്കെതിരായ മുഡ അഴിമതിയാരോപണവും വാൽമീകി കോർപറേഷൻ അഴിമതിയാരോപണവും കൂടെയാവുമ്പോൾ രാഷ്ട്രീയ വിവാദങ്ങളാൽ സമ്പന്നമായ വർഷമാണ് കടന്നുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.