പോപ്പുലർ ഫിനാൻസ് കുംഭകോണം; ബംഗളൂരുവിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ടത് 100 കോടി
text_fieldsബംഗളൂരു: പോപ്പുലർ ഫിനാൻസ് കുംഭകോണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ 2000 പേർക്ക് 100 കോടിയോളം രൂപ നഷ്ടപ്പെട്ടതായി കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് റിപ്പോർട്ട്. തട്ടിപ്പിന്റെ ഇരകളിലധികവും മലയാളികളാണ്. കേരളം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കമ്പനി 2013ലാണ് ബംഗളൂരുവിൽ 20 ബ്രാഞ്ചുകളാരംഭിക്കുന്നത്. നിക്ഷേപങ്ങൾക്ക് 12 ശതമാനം വാർഷിക റിട്ടേണും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, 2020ൽ കമ്പനി പൊടുന്നനെ പൂട്ടുകയായിരുന്നു.
ഇതുവരെയായി 2000 നിക്ഷേപകരിൽനിന്നായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. യശ്വന്ത്പുർ, എച്ച്.എസ്.ആർ ലേഔട്ട്, മൈക്രോ ലേഔട്ട്, ബാനസവാടി എന്നിവയടക്കം എട്ടോളം പൊലീസ് സ്റ്റേഷനുകളിലായി 66 എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിഷയം ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നതിനാൽ വീണ്ടെടുക്കൽ പ്രക്രിയ വളരെ സാവധാനമാണ് നടക്കുന്നത്. കേരളത്തിൽ 1368 കേസുകളാണ് കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2000 കോടി രൂപയുടെ അഴിമതിയാണ് അവിടെയുള്ളതെന്നാണ് കർണാടക ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പറയുന്നത്. കേരളത്തിലെ പത്തനംതിട്ടയായിരുന്നു കമ്പനിയുടെ ആസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.