പേ സി.എം പോസ്റ്ററുകൾ: രണ്ടുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: മുഖ്യമന്ത്രി ബൊമ്മൈയെ അഴിമതിക്കാരനായി ചിത്രീകരിക്കുന്ന പേ സി.എം പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചതിന് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബസവരാജ് ബൊമ്മൈ പേ സി.എം മുഖ്യമന്ത്രിയാണ് എന്ന് എഴുതിയ ക്യു.ആർ. കോഡുള്ള പോസ്റ്ററാണ് ബംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം പതിച്ചിരുന്നത്. കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സമൂഹമാധ്യമ വിഭാഗം മുൻ ചെയർമാൻ ബി.ആർ. നായിഡു, കെ.ആർ. പുരം ദേവദന്ദ്ര സ്വദേശി ഗഗൻയാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ഹൈഗ്രൗണ്ട്സ്, സദാശിവനഗർ പൊലീസ് സംഭവത്തിൽ വ്യത്യസ്ത അന്വേഷണം നടത്തുന്നുണ്ട്. ബൊമ്മൈയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.
40 ശതമാനം ഇവിടെ സ്വീകരിക്കുമെന്നും പോസ്റ്ററിൽ എഴുതിയിരുന്നു. പൊതുമരാമത്ത് വകുപ്പുകളിലടക്കം എല്ലാ പ്രവൃത്തികളും നടക്കണമെങ്കിൽ നാൽപത് ശതമാനം കമീഷൻ സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നൽകണമെന്ന് ഈയടുത്ത് കരാറുകാർ ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സർക്കാറിനെതിരെ കോൺഗ്രസ് കാമ്പയിൻ നടത്തിയിരുന്നു. കോൺഗ്രസിന്റെ പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് സർക്കാറിന്റെ അഴിമതിക്കെതിരെ പരാതി നൽകാനായി ഈയടുത്ത് കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്. കോൺഗ്രസിന്റെ പോസ്റ്ററുകൾ ബി.ജെ.പിക്ക് ഏറെ അലോസരമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ പോസ്റ്ററുകൾ പലയിടത്തും നീക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.