വൈദ്യുതി മുടക്കം; മുതലയുമായി കർഷകരുടെ പ്രതിഷേധം
text_fieldsബംഗളൂരു: വൈദ്യുതി മുടക്കം പതിവായതോടെ പ്രതിഷേധ സൂചകമായി മുതലയുമായി കർഷകർ വൈദ്യുതി ഓഫിസിൽ. ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ഹെസ്കോം)യുടെ ഹുബ്ബള്ളിയിലെ ഓഫിസിലാണ് അസാധാരണമായ പ്രതിഷേധം അരങ്ങേറിയത്.
അപ്രഖ്യാപിത വൈദ്യുതി മുടക്കം കാർഷിക പ്രവൃത്തികൾക്ക് തടസ്സമാവുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. രാത്രി കൃഷിയിടത്തിൽ ചെല്ലുമ്പോൾ പാമ്പുകളടക്കമുള്ള ഇഴജന്തുക്കളും കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളും ജീവന് ഭീഷണിയാവാറുണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച വൈദ്യുതി മുടങ്ങി. വീണ്ടും വൈദ്യുതി വന്നപ്പോൾ കർഷകൻ കൃഷിയിടത്തിൽ മുതലയെ കണ്ടെത്തി. സമീപത്തെ കൃഷ്ണ നദിയിൽനിന്ന് ഇരതേടിയെത്തിയതാണിത്.
നാട്ടുകാരെ വിളിച്ചുവരുത്തി മുതലയെ കയർകൊണ്ട് വരിഞ്ഞുകെട്ടി. തുടർന്ന് മുതലയുമായി ഇവർ ഹെസ്കോം ഓഫിസിലെത്തുകയായിരുന്നു. മുതലയെ കണ്ടുപേടിച്ച ജീവനക്കാർ ഉടൻ വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുതലയെ അൽമാട്ടി അണക്കെട്ടിൽ തുറന്നുവിട്ടു.
ഇത്തവണ മഴ കുറഞ്ഞതോടെ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതായും അതിനാൽ കനാൽ വഴി ജലം തുറന്നുവിടുന്നത് കുറഞ്ഞെന്നും ജലസേചന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
ഇതോടെ ജലസേചനത്തിനായി കർഷകർ ബോർവെൽ പമ്പുകളെ ആശ്രയിക്കുന്നത് വൈദ്യുതി ഉപയോഗം വർധിപ്പിച്ചു. ഇതാണ് ഇടക്കിടെ മുടങ്ങാൻ കാരണമെന്ന് ഹെസ്കോം അധികൃതരും അറിയിച്ചു.
മഴ കുറഞ്ഞതിനാൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തിയിരുന്നു.
സാധാരണ ഒക്ടോബറിൽ 10,000 മെഗാവാട്ട് ഉപയോഗം നടക്കേണ്ടിടത്ത് 16,000 മെഗാവാട്ട് ഉപയോഗം നടന്നതായാണ് വൈദ്യുതി വകുപ്പിന്റെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.