പ്രജ്വലിന്റെ അറസ്റ്റ്: അതിജീവിതകളല്ല, അബലകളുമല്ല; അധികാരം കൈയേന്തും നാരികൾ
text_fieldsബംഗളൂരു: നൂറുകണക്കിന് അതിജീവിതകളെ കണ്ണീരുകുടിപ്പിച്ച ജനപ്രതിനിധിയെ ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത് മുതൽ കർണാടക പൊലീസിന്റെ ഓരോ ചുവടും കാവ്യാത്മകം.
വെള്ളിയാഴ്ചയുടെ പുലരിയിൽ ഇരുട്ടിനെ തുളച്ച് ചീറിപ്പാഞ്ഞ പൊലീസ് വാഹനത്തിൽ പ്രജ്വൽ രേവണ്ണ എം.പിയുടെ ഇടവും വലവും പിന്നിലും ഇരുന്ന പൊലീസ് ഓഫിസർമാരെ മിന്നായം പോലെ ആൾക്കൂട്ടം കണ്ടു. ഐ.പി.എസുകാരികളായ ബംഗളൂരു വെസ്റ്റ് ട്രാഫിക് ഡെപ്യൂട്ടി പൊലീസ് കമീഷണർ സുമൻ ഡി. പെന്നെക്കർ, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കർ എന്നിവർ.
അവരുടെ നേതൃത്വത്തിൽ വനിത പൊലീസ് സംഘവും. വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ബംഗളൂരു അഡീ.മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ (42) ഹാജരാക്കി എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങിയ വേളയിലും നിയമപാലന അധികാര നക്ഷത്ര മുദ്രയുള്ള നാരികൾ തന്നെയായിരുന്നു മുന്നിലും പിന്നിലും.
ചിക്കമഗളൂരു, ഹാസൻ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ഹാസൻ ലോക്സഭ മണ്ഡലത്തിൽ നിന്ന് 2019ൽ കോൺഗ്രസ് സഖ്യത്തിൽ ജെ.ഡി.എസ് എം.പിയാവുമ്പോൾ പ്രജ്വൽ രേവണ്ണക്ക് 28 ആണ് പ്രായം. പിന്നിട്ട അഞ്ചു വർഷങ്ങളിൽ അദ്ദേഹം നോവിച്ച അതിജീവിതകളുടെ കണ്ണീരാണ് പെൻഡ്രൈവിലൂടെ പുറത്തുവന്ന അശ്ലീല ദൃശ്യങ്ങൾ.
തനിക്കുനേരെ നടത്തിവന്ന ലൈംഗിക അതിക്രമ കൈകൾ ഇളം പ്രായക്കാരിയായ മകളിലേക്കും നീളുന്നത് സഹിക്കാനാവാതെ ഭാണ്ഡം മുറുക്കിയ വേലക്കാരി നൽകിയ പരാതിയാണ് പ്രജ്വൽ രേവണ്ണക്കും പിതാവ് എച്ച്.ഡി.രേവണ്ണ എം.എൽ.എക്കുമെതിരെ നിലവിലുള്ളത്. സ്വന്തം പാർട്ടിക്കാരി ജില്ല പഞ്ചായത്ത് അംഗം എന്ന നിലയിൽ പൊതുകാര്യത്തിന് പ്രജ്വലിന്റെ സഹായം തേടിച്ചെന്നപ്പോൾ സംഭവിച്ചത് ദീർഘ കുറിപ്പായി മറ്റൊരു യുവതി നൽകിയ പരാതിയിലുണ്ട്.
മറ്റ് സന്ദർശകർ പോവുംവരെ കാത്തിരുത്തിയശേഷം എം.പി ഓഫിസ് കെട്ടിടത്തിലെ മുറി അകത്തുനിന്ന് കുറ്റിയിട്ട ശേഷം നടത്തിയ അതിക്രൂര ലൈംഗിക അതിക്രമങ്ങളാണ് പരാതിയിൽ വിവരിച്ചത്.പീഡന പരാതി അറിയിക്കാൻ എസ്.ഐ.ടി തുറന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് അതിജീവിതകളുടെ കണ്ണീർ പ്രവാഹം തന്നെയുണ്ടായി.
എന്നാൽ, രേഖാമൂലം പരാതി നൽകാനുള്ള ധൈര്യം അവർക്കില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു.അതിജീവിതകളല്ല, അധികാരമുള്ള വിഭാഗമാണ് സ്ത്രീകൾ എന്ന സന്ദേശം നൽകുക കൂടിയാണ് വനിതകളെ മുന്നിൽ നിർത്താൻ കാരണമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു.
പിതാവിന്റെ ജാമ്യം തുലാസിൽ
ലൈംഗികാതിക്രമ കേസുകളില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ പിതാവ് എച്ച്.ഡി. രേവണ്ണ എം.എൽ.എയുടെ മുൻകൂർ ജാമ്യം തുലാസിൽ. ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ എസ്.ഐ.ടി ഫയൽ ചെയ്ത ഹരജിയിൽ വാദം കേട്ട ഹൈകോടതി ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അടിയന്തര നോട്ടീസ് അയച്ചു.
ജാമ്യം അനുവദിച്ചതിൽ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ഹൈകോടതി നിരീക്ഷിച്ചു. വലിയ സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കുന്നത് അതിജീവിതകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഭവാനി രേവണ്ണയെ ഇന്ന് എസ്.ഐ.ടി ചോദ്യം ചെയ്യും
ലൈംഗികാതിക്രമ കേസില്‍ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായതിനുപിന്നാലെ മാതാവ് ഭവാനി രേവണ്ണക്ക് എസ്.ഐ.ടി നോട്ടീസ് അയച്ചു.
ശനിയാഴ്ച ഹാസനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. പീഡനക്കേസിലെ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസാണ് ഇവർക്കെതിരെയുള്ളത്.
അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണക്കും ഭവാനി രേവണ്ണക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്നെ തട്ടിക്കൊണ്ടുപോകാന്‍ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തിയെന്നാണ് അതിജീവിത മൊഴി നല്‍കിയത്.
ഭവാനി രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി
പ്രജ്വൽ രേവണ്ണയുടെ മാതാവ് ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക കോടതി വെള്ളിയാഴ്ച തള്ളി. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭർത്താവ് എച്ച്.ഡി. രേവണ്ണയുടെ കൂട്ടുപ്രതിയാണിവർ.
കുമാര സ്വാമി നാഗർഹോളെ സങ്കേതത്തിൽ; കുടുംബസമേതം ആഘോഷത്തിൽ
പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായ ദിവസം മുന്‍ മുഖ്യമന്ത്രിയും പിതൃ സഹോദരനുമായ എച്ച്.ഡി. കുമാരസ്വാമി കുടുംബസമേതം നാഗർഹോള വന്യജീവി സങ്കേതത്തിൽ ആഘോഷത്തിൽ.
ഭാര്യ അനിത കുമാരസ്വാമി, മകന് നിഖില്‍ കുമാരസ്വാമി, നിഖിലിന്റെ ഭാര്യ രേവതി, പേരക്കുട്ടിയായ അവ്യാന് ദേവ് എന്നിവരോടൊപ്പം ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമാര സ്വാമി നാഗര്‍ഹോളെയിലെ വന്യജീവി സങ്കേതത്തിലും കായലിലുമായി അവധിയാഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാഗര്‍ഹോളെയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് കുമാരസ്വാമിയും കുടുംബവും താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.