പ്രവീൺ നെട്ടാരു വധം: ഒളിവിലുള്ള പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന് എൻ.ഐ.എ
text_fieldsബംഗളൂരു: യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളോട് ജൂൺ 30നകം കീഴടങ്ങണമെന്ന് എൻ.ഐ.എയുടെ അന്ത്യ ശാസനം. കീഴടങ്ങാത്ത പക്ഷം പ്രതികളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഒളിവിൽ കഴിയുന്ന പ്രതികളായ അബ്ദുൽ നാസിർ, അബ്ദുൽ റഹ്മാൻ എന്നിവരുടെ കുടകിലെ വീട്ടിലും നൗഷാദിന്റെ ദക്ഷിണ കന്നഡയിലെ വീട്ടിലും കഴിഞ്ഞ ദിവസം എൻ.ഐ.എ പരിശോധന നടത്തി. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചു.
ഇവരുടെ വീടുകളിൽ എൻ.ഐ.എ നോട്ടീസ് പതിച്ചു. പ്രതികൾ കർണാടകയിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയാണെന്നാണ് നിഗമനം. മുഖ്യപ്രതികളെ കൂടാതെ മറ്റു അഞ്ചുപേർകൂടി ഒളിവിലാണ്.
കൊലപാതകം നടന്ന് ഒരു വർഷമാകാറായിട്ടും എൻ.ഐ.എക്ക് മുഖ്യ പ്രതികളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈ 26ന് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിൽ ബെള്ളാരെയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ആഗസ്റ്റ് 22നാണ് എൻ.ഐ.എ ഏറ്റെടുത്തത്. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണ് പ്രതികളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പിടിയിലാകാനുള്ളവർ ഉൾപ്പെടെ 21 പേർ പ്രതികളായി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവർക്കെതിരെ യു.എ.പി.എ, ഐ.പി.സി, ആയുധ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പ്രതികൾക്കായി വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസുകൾ പതിച്ച എൻ.ഐ.എ വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം വരെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.