പ്രവീൺ നെട്ടാരു വധം; മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെള്ളാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കർണാടക ഹൈകോടതി തള്ളി.
ഒമ്പത് മുതൽ 11വരെ പ്രതികളായ ഇസ്മായിൽ ഷാഫി, മുഹമ്മദ് ഇഖ്ബാൽ, എം. ഷഹീദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എച്ച്.ബി. പ്രഭാകര ശാസ്ത്രിയുടെ സിംഗിൾ ബെഞ്ച് തള്ളിയത്. കഴിഞ്ഞ ഏപ്രിൽ 29ന് എൻ.ഐ.എ പ്രത്യേക കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.
2022 ജൂലൈ 26നാണ് പ്രവീണിനെ ബൈക്കുകളിൽ എത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. പിന്നീട് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പ്രവീൺ കൊല്ലപ്പെട്ട സുള്ള്യ ബെള്ളാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാസർകോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു.
സംഘ്പരിവാർ പ്രവർത്തകരാണ് ഈ കേസിൽ പ്രതികൾ. ഇതിന്റെ പ്രതികാരമായാണ് പ്രവീണിന്റെ കൊലപാതകമെന്നാണ് പൊലീസും എൻ.ഐ.എയും പറയുന്നത്. പോപുലർഫ്രണ്ട് ഓഫ് ഇന്ത്യയുടെ ‘കില്ലർ സ്ക്വാഡാ’ണ് കൊലപാതകത്തിന് പിന്നിലെന്നും ഇസ്ലാമികരാജ്യം സ്ഥാപിക്കുന്നതിനായി ഒരു വിഭാഗത്തിനിടയിൽ ഭയം ജനിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് എൻ.ഐ.എ വാദം.
എന്നാൽ, തങ്ങളെ തെറ്റായാണ് കേസിൽ പ്രതിചേർത്തിരിക്കുന്നതെന്നും തങ്ങൾക്ക് എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തങ്ങളുടെ പേര് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നും പ്രതികൾ വാദിച്ചു. 2022ൽ മസൂദിന്റെ സംസ്കാരച്ചടങ്ങിൽ ഹിന്ദുത്വനേതാക്കൾക്കെതിരെ ആക്രമണം നടത്തുമെന്ന് തങ്ങൾ ഭീഷണിപ്പെടുത്തിയെന്ന എൻ.ഐ.എയുടെ ആരോപണം തെറ്റാണെന്നും ഇവർ പറഞ്ഞു.
എന്നാൽ, സാക്ഷിമൊഴികളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിൽ ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രവീൺവധക്കേസിൽ 20 പ്രതികൾക്കെതിരെ എൻ.ഐ.എ ബംഗളൂരുവിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 14 പേരെ അറസ്റ്റ് ചെയ്തു. ഒളിവിലായ ആറുപേർക്കെതിരെ തിരച്ചിൽ തുടരുകയാണ്. 240 സാക്ഷിമൊഴികളുള്ള 1500 പേജുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.