കർണാടക: കർഷകർ പാതയോരത്ത് തള്ളിയ തക്കാളി വില സെഞ്ച്വറിയും കടന്ന് കുതിക്കുന്നു
text_fieldsബംഗളൂരു: കടത്തുകൂലി പോലും കിട്ടാത്ത കാരണം പാതയോരത്ത് തള്ളിയ കാലം കടന്ന് തക്കാളി വില സെഞ്ച്വറിയും കടന്ന് കുതിക്കുന്നു. തക്കാളി വണ്ടി തട്ടിക്കൊണ്ടുപോവാതിരിക്കാൻ അതീവ ജാഗ്രതയും. കിലോ തക്കാളി വില 100 രൂപയിൽനിന്ന് താഴാതെയാണ് വാരങ്ങൾ കടന്നുപോവുന്നത്.
മറ്റു പച്ചക്കറി വിലകളും കുതിക്കുകയാണ്. ബീൻസിന് 220 രൂപ വരെയെത്തി. വഴുതന-100 രൂപ, സവാള -58, ഉരുളക്കിഴങ്ങ് -56, കാരറ്റ് -60, ബീറ്റ്റൂട്ട് -52 എന്നിങ്ങനെയാണ് വില. നിത്യോപയോഗസാധനങ്ങൾക്ക് പൊതുവേ മറ്റു നഗരങ്ങളെക്കാൾ കൂടുതൽ ഈടാക്കുന്ന ബംഗളൂരുവിൽ അൽപം ആശ്വാസം പച്ചക്കറിയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അതിനും വിലകൂടിയതോടെ ജീവിതച്ചെലവ് താളം തെറ്റുന്നതായി ചെറിയ വരുമാനവുമായി വാടക സംവിധാനത്തിൽ കഴിയുന്ന മലയാളി കുടുംബങ്ങൾ പറഞ്ഞു. കനത്ത മഴയിൽ പച്ചക്കറികൾ വേണ്ടരീതിയിൽ വിളവെടുക്കാൻ കഴിയാതിരുന്നതാണ് വില കൂടാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കോലാർ, ചിക്കമഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ബംഗളൂരുവിലേക്ക് പച്ചക്കറികളെത്തുന്നത്. വേനലിലെ കടുത്ത വരൾച്ചയിൽ വേണ്ടരീതിയിൽ വിളവുണ്ടാക്കാനായിരുന്നില്ല. അന്നും വില കുതിച്ചുയർന്നിരുന്നു. വരൾച്ച പിൻവാങ്ങി മഴയെത്തിയപ്പോഴും സാധാരണ വിലക്ക് പച്ചക്കറി വാങ്ങാൻ നഗരവാസികൾക്ക് സാധിക്കാത്ത സ്ഥിതിയാണ്.
സംസ്ഥാന സർക്കാർ അടുത്തിടെ നികുതി വർധിപ്പിച്ചതോടെ പെട്രോളിനും ഡീസലിനും വില കൂടിയിരുന്നു. ഇതിന്റെ പ്രതിഫലനം കൂടി വരുന്നതോടെ പച്ചക്കറിവില ഇനിയും കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. കടത്തുചെലവിൽ വരുന്ന വർധന സാധനങ്ങളുടെ വിലയിൽ പ്രതിഫലിക്കും.
മറ്റു നിത്യോപയോഗസാധനങ്ങൾക്കും വിലക്കയറ്റമുണ്ടായേക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. മത്സ്യത്തിനും ഇറച്ചിക്കുമെല്ലാം അടുത്തിടെ വില കുതിച്ചുയർന്നിരുന്നു. ഞായറാഴ്ചകളിൽ വഴിയോരങ്ങളിൽ വിൽക്കുന്ന മത്സ്യങ്ങൾക്ക് മാത്രമാണ് ആശ്വാസവില തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.