ദക്ഷിണേന്ത്യ-ഉത്തരേന്ത്യ വിഭജനമുണ്ടാക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു -സിദ്ധരാമയ്യ
text_fieldsബംഗളൂരു: രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ദക്ഷിണേന്ത്യ-ഉത്തരേന്ത്യ എന്നിങ്ങനെ ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ദക്ഷിണേന്ത്യയിൽനിന്നുള്ള ജനങ്ങളെ ഉന്നംവെച്ച് ഉത്തരേന്ത്യക്കാർക്കിടയിൽ വിഭജനമുണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ‘ഞങ്ങൾ കർണാടകയെ ഇന്ത്യയുടെ പുത്രിയായാണ് കണക്കാക്കുന്നത്. രാജ്യം ആരോടും വിവേചനം കാണിച്ചിട്ടില്ല, പക്ഷേ മോദിയെപ്പോലുള്ളവർ വിഷം ചീറ്റുകയാണെന്നും’ അദ്ദേഹം ആരോപിച്ചു. സംസ്ഥാനങ്ങൾ തമ്മിൽ സഹജീവി സ്നേഹമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. കർണാടകയിലെ കോൺഗ്രസ് സർക്കാർ തകരുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രസ്താവനക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. സ്വന്തം കാൽച്ചുവട്ടിലുള്ള മണ്ണ് ഒലിച്ചുപോകാതെ നോക്കുകയാണ് ഷിൻഡെ ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ബി.ജെ.പി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കർഷകരുടെ വരുമാനം എന്തുകൊണ്ട് ഇരട്ടിയായില്ല, 2 കോടി തൊഴിലവസരങ്ങളെവിടെ, തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ കള്ളപ്പണമെവിടെ എന്നതിനെല്ലാം അവർ ആദ്യം ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ വരൾച്ച ദുരിതാശ്വാസ ഫണ്ടിന്റെ കാര്യത്തിൽ കർണാടകയോട് യൂനിയൻ സർക്കാർ വിവേചനം കാണിക്കുന്നെന്ന് പറഞ്ഞുകൊണ്ട് സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയ ദിവസമായിരുന്നു കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാറിന്റെ പ്രതിഷേധ ധർണ അരങ്ങേറിയത്. സംസ്ഥാനത്തിന് അർഹമായ നികുതിപ്പണം യൂനിയൻ സർക്കാർ തടഞ്ഞു വെക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ചലോ ഡൽഹി എന്ന പേരിൽ കർണാടക സർക്കാർ ഡൽഹിയിലെ ജന്തർമന്തറിലും പ്രതിഷേധ സമരം നടത്തിയിരുന്നു.
പതിനഞ്ചാം ധനകാര്യ കമീഷന് കീഴിൽ അഞ്ചു വർഷംകൊണ്ട് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കർണാടകക്കുണ്ടായതെന്നും സംസ്ഥാനത്ത് നിന്ന് 100 രൂപ വരുമാനമായി ലഭിക്കുമ്പോൾ യൂനിയൻ സർക്കാർ തിരിച്ച് 13 രൂപ മാത്രമാണ് കർണാടകക്ക് നൽകുന്നതെന്നും അന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. സമാന ആരോപണങ്ങളുമായി തമിഴ്നാട്, കേരള സർക്കാറുകൾ രംഗത്തെത്തിയിരുന്നു. ഇതേ സമയത്ത് തന്നെയാണ് യൂനിയൻ സർക്കാർ കേരളത്തോട് അവഗണന കാണിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം ഡൽഹിയിൽ സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.