ശുചിമുറി വൃത്തിയാക്കാൻ വിസമ്മതിച്ചു;വിദ്യാർഥിനിയുടെ ദേഹത്ത് ആസിഡ് ലായനി ഒഴിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ
text_fieldsമംഗളൂരു: ചിത്രദുർഗയിൽ ശുചിമുറി വൃത്തിയാക്കാൻ വിമുഖത കാട്ടിയ രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ ദേഹത്ത് പ്രധാനാധ്യാപകൻ ആസിഡ് ലായനി തൂവിയതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ജോഡിചിക്കെനഹള്ളി ഗവ. ഹയർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ കെ.എൻ. രംഗസ്വാമിയെ പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ രവിശങ്കര റെഡ്ഡി വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തു.
സ്കൂൾ വിട്ട് വീട്ടിലെത്തിയ എട്ട് വയസ്സുകാരിയായ മകൾ സിഞ്ചനയുടെ ദേഹത്ത് പൊള്ളൽക്കണ്ട് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ ചിത്രദുർഗ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ദസറ അവധി കഴിഞ്ഞ് സ്കൂൾ തുറന്നതോടെ ശുചിമുറികൾ വൃത്തിയാക്കാൻ ഹെഡ്മാസ്റ്റർ വിദ്യാർഥിനികൾക്ക് നിർദേശം നൽകുകയായിരുന്നു.
മുതിർന്ന വിദ്യാർഥികളെ ഒഴിവാക്കി ചെറിയ കുട്ടികളെക്കൊണ്ട് ശൗചാലയ ശുചീകരണം നടത്തിക്കുന്നതെന്താണെന്ന് സിഞ്ചന ആരാഞ്ഞതിൽ കുപിതനായ ഹെഡ്മാസ്റ്റർ ശുചിമുറിയിലെ ലായനിയെടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചുവെന്ന് വരുത്തിത്തീർക്കാൻ ഹെഡ്മാസ്റ്റർ പല കാര്യങ്ങളും പറഞ്ഞെങ്കിലും കുട്ടിയുടെ മാതാവ് പരാതിയിൽ ഉറച്ചുനിന്നു.
ക്ലീനിങ് ലോഷനും ബ്ലീച്ചിങ് പൗഡറും ഉപയോഗിച്ച് സ്കൂൾ ശുചിമുറി വൃത്തിയാക്കിയതിനെത്തുടർന്ന് അവശനിലയിലായ രാമനഗര മഗഡി തുബിനഗരെ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാർഥിനി ഹേമലത (ഒമ്പത്) ആഴ്ചയായി ചികിത്സയിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.