മംഗളൂരു-ബംഗളൂരു റൂട്ടിൽ സ്വകാര്യ ബസ് സർവിസിൽ ദീപാവലിക്കൊള്ള
text_fieldsമംഗളൂരു: ദീപാവലി, കർണാടക പിറവി ആഘോഷമായ കന്നട രാജ്യോത്സവ അവധികളിൽ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു.
മംഗളൂരുവിനും ബംഗളൂരുവിനും ഇടയിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് പരമാവധി 1000 രൂപയിൽനിന്ന് 1500 -2000 രൂപ വരെയായി വർധിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിലെ ഭൂരിഭാഗം സീറ്റുകളും മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. പ്രത്യേക ബസുകളിലും വലിയ രീതിയിൽ ബുക്കിങ്ങുണ്ട്. ഇതേത്തുടർന്നാണ് യാത്രക്കാർ സ്വകാര്യ ബസ് ടിക്കറ്റുകൾ ഓൺലൈനിൽ കൂടിയ നിരക്കിൽ ബുക്ക് ചെയ്യുന്നത്.സാധാരണ 700 രൂപയാണ് ശരാശരി നിരക്ക്. കൂടിയാൽ 1000. ചില സ്വകാര്യ ബസ് കമ്പനികൾ അധിക ബസുകൾ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കാവട്ടെ ഇരട്ടിയും. മംഗളൂരു -ബംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ല. എന്നാൽ, അധിക പ്രത്യേക സർവിസുകൾക്ക് 20 ശതമാനം നിരക്ക് വർധനയുണ്ട്. മംഗളൂരു, ഉഡുപ്പി, കുന്താപുരം റൂട്ടുകൾ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി 18 അധിക പ്രത്യേക ബസുകൾ ഇറക്കി.
സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ പരാതിപ്പെടാൻ ഹെൽപ് ലൈൻ നമ്പറുകളോടെ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 9889863429, 9449863426 എന്നീ നമ്പറുകളിൽ വിളിച്ച് പരാതിയറിയിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.