നന്ദി ഹില്‍സില്‍ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും
text_fieldsബംഗളൂരു: നന്ദി ഹില്‍സില്‍ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്താൻ സർക്കാർ തീരുമാനം. വാരാന്ത്യത്തിലും അവധിദിവസങ്ങളിലും കുന്നിൻമുകളിലേക്കുള്ള പാതയിലെ കനത്ത തിരക്ക് കണക്കിലെടുത്താണ് തീരുമാനം. പകരം ഇലക്ട്രിക് ബസുകള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. എട്ടു മാസത്തിനുള്ളില്‍ നന്ദി ഹില്‍സ് ഏകദിന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. സാഹസിക വിനോദസഞ്ചാരികള്‍ക്കായി കേബ്ള്‍ കാറുകളും സജ്ജമാക്കും.
250 രൂപ മുതല്‍ 300 രൂപ വരെയാണ് ഒരാള്‍ക്ക് ചെലവ് വരുക. രാത്രി ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തും. നന്ദി ഹില്‍സും ഒമ്പതാം നൂറ്റാണ്ടിലെ ഭോഗ നന്ദീശ്വര ക്ഷേത്രവും പരിസ്ഥിതിലോല പ്രദേശമായി വികസിപ്പിക്കുകയാണെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി കപില്‍ മോഹന്‍ പറഞ്ഞു. അപകട സാധ്യതയേറെയുള്ള പ്രദേശമായതിനാല്‍ പുതുവര്‍ഷദിനത്തിലും അവധിദിനങ്ങളിലും മലനിരകളുടെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ബൈക്കുകള്‍ക്കും കാറുകള്‍ക്കും സര്‍ക്കാര്‍ നേരത്തേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ചിക്കബല്ലാപുര ജില്ലയിലെ നന്ദി ഹിൽസിലേക്ക് ബംഗളൂരു നഗരത്തില്‍നിന്ന് 60 കിലോമീറ്ററാണ് ദൂരം. നഗരവാസികളുടെ ഇഷ്ട വിനോദകേന്ദ്രമാണിത്. നന്ദി ഹിൽസിലെ സൂര്യോദയവും സൂര്യാസ്തമയവും മനോഹര കാഴ്ചയാണ്.
നന്ദി ഹിൽസിൽ കെ.എസ്.ടി.ഡി.സി കാന്റീൻ പ്രവർത്തനം തുടങ്ങി
ബംഗളൂരു: നന്ദി ഹിൽസിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷന് (കെ.എസ്.ടി.ഡി.സി) കീഴിൽ കാന്റീൻ ആരംഭിച്ചു. നിലവിൽ നന്ദി ഹിൽസിൽ ഏതാനും സ്വകാര്യ ഭക്ഷണശാലകളാണ് പ്രവർത്തിക്കുന്നത്.
വൃത്തിയില്ലായ്മയും അമിത വിലയും സംബന്ധിച്ച് വിനോദസഞ്ചാരികൾ നിരന്തരം പരാതി ഉന്നയിച്ചതോടെയാണ് കെ.എസ്.ടി.ഡി.സി തന്നെ നേരിട്ട് മയൂര കാന്റീൻ തുറന്നത്. പാർക്കിങ് ഏരിയക്കു സമീപമാണ് കാന്റീൻ പ്രവർത്തിക്കുന്നത്. ചായക്കു 10 രൂപയും ബിസിബലെ ബാത്ത്, ഉപ്പുമാവ്, കേസരി ബാത്ത്, ചോറും സാമ്പാറും എന്നിവക്ക് 20 രൂപയാണ് നിരക്ക്. തൈര് ചോറ് 15 രൂപക്കും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.