വിധാൻ സൗധയിലെ പാക് അനുകൂല മുദ്രാവാക്യം; പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കി
text_fieldsബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ വിധാൻ സൗധ ഇടനാഴിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ബുധനാഴ്ച ബംഗളൂരു സിറ്റി കോടതിയിൽ ഹാജരാക്കി. കോൺഗ്രസ് പ്രവർത്തകരായ ബംഗളൂരു ആർ.ടി നഗർ സ്വദേശി മുനവർ അഹ്മദ്(29), ഹാവേരി ബ്യാദഗി സ്വദേശി മുഹമ്മദ് ഷാഫി, ഡൽഹി സ്വദേശി മുഹമ്മദ് ഇൽതാസ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്.
വിശദ ചോദ്യംചെയ്യലിനായി പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലും മറ്റു രണ്ടു പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു. കോൺഗ്രസ് സ്ഥാനാർഥി സയ്യിദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
പരാതിക്കാധാരമായ വിഡിയോ ദൃശ്യത്തിലെ ശബ്ദസാമ്പിൾ സ്വകാര്യ ഫോറൻസിക് ലാബിൽ പരിശോധിച്ചതിന്റെ രേഖ ബി.ജെ.പി പുറത്തുവിട്ടിരുന്നു. പ്രതിപക്ഷ സമ്മർദം ഏറിയതോടെ കർണാടക സർക്കാർ ഹൈദരാബാദിലെ ഗവ. ഫോറൻസിക് ലാബിൽ വിഡിയോ പരിശോധനക്കയച്ചു.
ഈ പരിശോധന ഫലത്തിലും ഇത് ശരിവെച്ചതോടെയാണ് കഴിഞ്ഞദിവസം മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
‘പാകിസ്താൻ സിന്ദാബാദ്’ എന്നു വിളിച്ചത് അബദ്ധത്തിലാണോ മനഃപൂർവമാണോ എന്നകാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നകാര്യവും അന്വേഷിക്കും. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 ബി, 505 ഒന്ന് ബി വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം, എഫ്.ഐ.ആറിൽ കോൺഗ്രസ് എം.പി സയ്യിദ് നസീർ ഹുസൈന്റെ പേരും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തുവന്നു. കേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ നസീർ ഹുസൈന് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിന് കർണാടക ബി.ജെ.പി കത്തെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.