പ്രഫ. മുസഫർ അസ്സാദി അന്തരിച്ചു
text_fieldsമംഗളൂരു: പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ മൈസൂരു സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം ആക്ടിങ് വൈസ് ചാൻസലർ പ്രഫ. മുസഫർ ഹുസൈൻ അസ്സാദി (63) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉടുപ്പി ജില്ലയിലെ ഷിർവ സ്വദേശിയാണ്. മൈസൂരു ന്യൂ കന്ദരാജ് അരശ് റോഡിൽ തേഡ് മെയിനിലെ വസതിയിലായിരുന്നു താമസം. ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും വിപുലമായ പഠനങ്ങൾ നടത്തിയ എഴുത്തുകാരനാണ്.
ഗോത്രവർഗക്കാരുടെ കുടിയിറക്കം പരിഹരിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. കാർഷിക പഠനം, ആഗോളീകരണം, ഗാന്ധിയൻ തത്ത്വചിന്ത, രാഷ്ട്രീയ സാമൂഹികശാസ്ത്രം, ജനാധിപത്യ സിദ്ധാന്തങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, താരതമ്യ ഭരണം, ഇന്ത്യൻ രാഷ്ട്രീയം, മനുഷ്യാവകാശങ്ങൾ, ആഗോള രാഷ്ട്രീയ സിദ്ധാന്തങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ വ്യാപിച്ചു, മംഗളൂരു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും തുടർന്ന് എം.ഫിലും പൂർത്തിയാക്കി. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. പിന്നീട് ഷികാഗോ യൂനിവേഴ്സിറ്റിയിൽ റോക്ക്ഫെല്ലർ ഫെലോഷിപ്പും പോസ്റ്റ്-ഡോക്ടറൽ പഠനവും നടത്തി. 11 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. റായ്ച്ചൂർ സർവകലാശാലയുടെ സ്പെഷൽ ഓഫിസറായി സേവനമനുഷ്ഠിച്ചു. കർണാടക സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ പ്രഫ. അസ്സാദിക്ക് ലഭിച്ചു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. മൈസൂരു മുസ്ലിം ഹോസ്റ്റലിൽ പൊതുദർശനത്തിനുശേഷം മുസ്ലിം ഹോസ്റ്റൽ മസ്ജിദിൽ നടന്ന അന്ത്യകർമങ്ങൾക്കുശേഷം ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.