വസ്തു രജിസ്ട്രേഷൻ: കാവേരി 2.0 സോഫ്റ്റ്വെയർ പുറത്തിറക്കി കർണാടക സർക്കാർ
text_fieldsബംഗളൂരു: ബംഗളൂരുവിൽ വസ്തു രജിസ്ട്രേഷൻ എളുപ്പമാക്കാൻ കർണാടക സർക്കാർ കാവേരി 2.0 സോഫ്റ്റ്വെയർ പുറത്തിറക്കി. ഇതു സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഡിജിറ്റൽവത്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സോഫ്റ്റ്വെയർ നടപ്പാക്കുന്നത്. ഇതോടെ ഭൂമാഫിയയുടെ ഇടപെടലുകൾ ഇല്ലാതാക്കാൻ കഴിയുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
കാവേരി 1.0ന്റെ പുതുക്കിയ പതിപ്പായ കാവേരി 2.0 പുതിയ സോഫ്റ്റ്വെയർ പഴയ സെർവറുമായി ബന്ധപ്പെട്ട പരാതികൾക്ക് അറുതിവരുത്തുകയും സബ് രജിസ്ട്രാർ ഓഫിസുകളിലെ കാത്തിരിപ്പ് സമയം 10 മിനിറ്റിൽ താഴെയായി കുറക്കുകയും ചെയ്യുന്നതിനാൽ ഭൂമി രജിസ്ട്രേഷൻ നടപടികൾ സുഗമമാകും.
കാവേരി 2.0, ഇ-സ്വത്ത്, ഇ-ആസ്തി തുടങ്ങിയ ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇതുവരെ, കർണാടകയിലുള്ള 256 സബ് രജിസ്ട്രാർ ഓഫിസുകളിൽ 168 എണ്ണത്തിലും വകുപ്പ് പുതിയ സോഫ്റ്റ്വെയർ അവതരിപ്പിച്ചു. ജൂൺ 26നകം സംസ്ഥാനമൊട്ടാകെ കാവേരി 2.0 വ്യാപിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
15 ദിവസത്തിനകം ബംഗളൂരുവിലെ 43 സബ് രജിസ്ട്രാർ ഓഫിസുകളിലും കാവേരി 2.0 സേവനം ലഭ്യമാക്കാനാണ് സ്റ്റാമ്പ്സ് ആൻഡ് രജിസ്ട്രേഷൻ വകുപ്പ് ലക്ഷ്യമിടുന്നത്. ബനശങ്കരി, ബസവനഗുഡി, ചാമരാജ്പേട്ട് സബ് രജിസ്ട്രാർ ഓഫിസുകളിലാണ് തിങ്കളാഴ്ച സംവിധാനത്തിന് തുടക്കം കുറിച്ചത്.
ജൂൺ 14ന് ബാനസവാടി, ഇന്ദിരാനഗർ, മഹാദേവപുര എന്നിവിടങ്ങളിലും സോഫ്റ്റ്വെയർ അവതരിപ്പിക്കും.പ്രീ-രജിസ്ട്രേഷൻ സംവിധാനം പൂർണമായും ഓൺലൈനിലായതിനാൽ പൗരന്മാർ രേഖകൾ, ഫോട്ടോ, തള്ളവിരലിന്റെ മുദ്ര എന്നിവ സമർപ്പിക്കുന്നതിന് മാത്രമേ ഇനി സബ് രജിസ്ട്രാർ ഓഫിസ് സന്ദർശിക്കേണ്ടതുള്ളൂ. ഏജന്റുമാരെ ആശ്രയിക്കാതെ പ്രീ-രജിസ്ട്രേഷൻ പ്രക്രിയ എങ്ങനെ പൂർത്തിയാക്കാം എന്നതിനെക്കുറിച്ചുള്ള ട്യൂട്ടോറിയൽ വിഡിയോകൾ വകുപ്പ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

