വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ പ്രതിഷേധവുമായി ജെ.ഡി-എസ്
text_fieldsസംസ്ഥാന സർക്കാറിന്റെ തുടർച്ചയായ വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ ബംഗളൂരു
ഫ്രീഡം പാർക്കിൽ ജെ.ഡി-എസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽനിന്ന്
ബംഗളൂരു: സംസ്ഥാന സർക്കാറിന്റെ തുടർച്ചയായവിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ ‘മതി, മതി കോൺഗ്രസ് സർക്കാർ’ എന്ന മുദ്രാവാക്യവുമായി ജെ.ഡി-എസ് വൻ പ്രതിഷേധം സംഘടിപ്പിച്ചു. യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് നിഖിൽ കുമാരസ്വാമി നയിച്ച പ്രതിഷേധത്തിൽ കേന്ദ്രമന്ത്രിയും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി, നിയമസഭ കക്ഷി നേതാവ് സുരേഷ് ബാബു, എം.പി മല്ലേഷ് ബാബു, പാർട്ടി എം.എൽ.എമാർ, നിയമ നിർമാണ കൗൺസിൽ അംഗങ്ങൾ, ജില്ല പ്രസിഡന്റുമാർ തുടങ്ങിയ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അണിനിരന്നു. എൻ.ഡി.എ കക്ഷിയായിരിക്കെ ബി.ജെ.പിയും ജെ.ഡി-എസും വേറെ വേറെ പ്രതിഷേധ പരിപാടികളുമായാണ് മുന്നോട്ടുപോവുന്നതെന്ന കൗതുകവുമുണ്ട്.
കോൺഗ്രസ് സർക്കാറിനെതിരെ ഇരു പാർട്ടികളും യോജിച്ചുനീങ്ങുമെന്നായിരുന്നു ജെ.ഡി-എസിന്റെ എൻ.ഡി.എ പ്രവേശത്തിന് പിന്നാലെ ഇരു പാർട്ടി നേതാക്കളും വ്യക്തമാക്കിയിരുന്നത്. ഫ്രീഡം പാർക്കിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ സുരേഷ് ബാബു, എച്ച്.ഡി. കുമാരസ്വാമി, നിയമസഭ കക്ഷി ഉപനേതാവ് ശാരദ പൂര്യ നായക്, മുതിർന്ന എം.എൽ.എ എം.ടി. കൃഷ്ണപ്പ, മുൻ ലെജിസ്ലറ്റിവ് കൗൺസിൽ അംഗം കെ.എ. തിപ്പസ്വാമി, മുൻ എം.എൽ.എ ദോഡ്ന ഗൗഡ പാട്ടീൽ തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.
സംസ്ഥാന സർക്കാർ അഞ്ച് ഗാരന്റികൾ നൽകിയെന്നത് ശരിയാണെന്നും എന്നാൽ, ഒരു ഗ്യാരന്റി പദ്ധതിയുടെ ഗുണം ലഭിക്കാൻ ആളുകൾ ദിവസേനയുള്ള വിലക്കയറ്റം സഹിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാർ ദിവസവും വില വർധിപ്പിക്കുകയാണ്. ജനങ്ങളുടെ മേൽ ഭാരം അടിച്ചേൽപിക്കുന്നു. സർക്കാരിനെതിരെ കലാപം നടത്തുകയല്ലാതെ ജനങ്ങൾക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ലെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധ യോഗം അവസാനിച്ചതിനുശേഷം, നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും വിധാന സൗധ ഉപരോധിക്കാൻ ശ്രമിച്ചു. വഴി തടഞ്ഞ പൊലീസ് നിഖിൽ കുമാരസ്വാമി ഉൾപ്പെടെയുള്ള പാർട്ടി എം.എൽ.എമാരെയും നേതാക്കളെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച തുറുവക്കരെ മണ്ഡലത്തിലെ എം.എൽ.എ എം.ടി. കൃഷ്ണപ്പ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിപക്ഷ എം.എൽ.എമാരെ വശീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എന്റെ മണ്ഡലത്തിൽ ഒരു പോളിടെക്നിക് കോളജ് ആവശ്യപ്പെട്ടാൽ, സിദ്ധരാമയ്യ എന്നോട് കോൺഗ്രസ് പാർട്ടിയിൽ ചേരാൻ പറയും. ഒരു മുഖ്യമന്ത്രിക്ക് ഇത് ചെയ്യാൻ കഴിയുമോ? അദ്ദേഹം പറഞ്ഞു. ഞങ്ങൾ എം.എൽ.എമാരായിട്ട് രണ്ടുവർഷമായി. മേഖലകളുടെ വികസനത്തിന് 50 കോടി രൂപ പോലും നൽകിയിട്ടില്ല. റോഡിലെ കുഴികൾക്ക് പണം നൽകേണ്ടതില്ല. ഇത് ദാരിദ്ര്യത്തിന്റെ സർക്കാരാണ്. കുഴി അടക്കാൻ യോഗ്യതയില്ലാത്തവർ സൗജന്യമായി ജനങ്ങൾക്ക് രണ്ടായിരം രൂപ നൽകും. പോളിടെക്നിക് കോളജ് വേണമെങ്കിൽ കോൺഗ്രസിൽ ചേരൂ എന്ന് സിദ്ധരാമയ്യ പറയുന്നു. കോൺഗ്രസും അങ്ങനെ തന്നെയാണോ..? കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണെന്നും താൻ ജെ.ഡി-എസിൽതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.