ആർ.എസ്.എസ് നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം
text_fieldsബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് വിമൺ ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ 250 ലേറെ പേർ പങ്കെടുത്തു. ആർ.എസ്.എസ് നേതാവ് നടത്തിയ വിവാദ പരാമർശം മുസ്ലിം വനിതകളെ മാത്രമല്ല പൊതുവായി സ്ത്രീകളെ അവമതിക്കുന്നതാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
മുത്തലാഖ് എന്ന കുറ്റകൃത്യം 2019ൽ പാർലമെന്റ് പാസാക്കിയ ബില്ലിലൂടെ നരേന്ദ്ര മോദി ഇല്ലാതാക്കിയതോടെയാണ് മുസ്ലിം സ്ത്രീകൾക്ക് ‘സ്ഥിരം ഭർത്താവ്’ ലഭിച്ചതെന്നും അതുവരെ മുസ്ലിം വനിതകൾക്ക് ഉറച്ച വിവാഹം ഇല്ലായിരുന്നെന്നുമാണ് കല്ലട്ക്ക പ്രഭാകർ പറഞ്ഞത്. ഹിജാബ് വിലക്ക് നീങ്ങിയാൽ കോളജ് പഠനം തുടരുമെന്ന് പറഞ്ഞ വിദ്യാർഥി മുസ്കാൻ ഖാനെ വെല്ലുവിളിക്കുകയും ചെയ്തു. ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഹനുമാൻ ജയന്തി ആഘോഷ ഭാഗമായി സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഉദ്ഘാടനം ചെയ്യവെ നടത്തിയ പരാമർശങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിൽ മണ്ഡ്യ പൊലീസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കല്ലട്ക്ക പ്രഭാകർ ഭട്ടിനെ അറസ്റ്റ് ചെയ്യണമെന്ന് ദക്ഷിണ കന്നട-ഉഡുപ്പി ജില്ല മുസ്ലിം സെൻട്രൽ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആർ.എസ്.എസ് നേതാവിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. കേസിൽ പ്രഭാകറിന് ഹൈകോടതി താൽക്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.