കന്നട രാജ്യോത്സവ് പരിപാടിക്കിടെ പ്രതിഷേധം
text_fieldsബംഗളൂരു: 67ാമത് കന്നട രാജ്യോത്സവ ആഘോഷപരിപാടികൾക്കിടെ വിവിധയിടങ്ങളിൽ പ്രതിഷേധം. കല്യാണ കർണാടക മേഖല ഉൾക്കൊള്ളുന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പട്ടാണ് കലബുറഗിയിൽ ചൊവ്വാഴ്ച മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഇ.എസ്), കല്യാണ കർണാടക പ്രത്യേക രാജ്യ ഹൊരട്ട സമിതി പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിദർ, കലബുറഗി, യാദ്ഗിർ, റെയ്ച്ചൂർ, ബെള്ളാരി എന്നിവ ഉൾപ്പെടുത്തി കല്യാണ കർണാടക മേഖലയെ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധക്കാർ കലബുറഗിയിയിലെ എസ്.പി.വി സർക്കിളിലേക്ക് മാർച്ച് നടത്തി തങ്ങൾ ആവശ്യപ്പെടുന്ന സംസ്ഥാനത്തിന്റെ പതാക ഉയർത്താൻ ശ്രമിച്ചിരുന്നു. കല്യാണ കർണാടക മേഖലയിലെ സമ്പത്താണ് കർണാടക സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിനായി ഉപയോഗിക്കുന്നതെന്നും എന്നാൽ ഈ മേഖലയിലെ ജില്ലകൾ അവികസിതമായി തുടരുകയാണെന്നും ഇതിനുള്ള പരിഹാരം പ്രത്യേക സംസ്ഥാനമാണെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
സമിതിയുടെ നേതൃത്വത്തിൽ കന്നട രാജ്യോത്സവ ദിനം ബെളഗാവി ജില്ലയിൽ കരിദിനമായി ആചരിച്ചിരുന്നു. കർണാടകയുടെ രൂപവത്കരണസമയത്ത് ബെളഗാവിയെയും സംസ്ഥനത്തിന്റെ ഭാഗമാക്കി മാറ്റിയതിനെതിരെയാണ് എം.ഇ.എസ് എല്ലാവർഷവും ഈ ദിനത്തിൽ പ്രതിഷേധിക്കുന്നത്. മറാത്ത സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ള ബെളഗാവിയെ മഹരാഷ്ട്രയിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. മുൻകരുതൽ നടപടികളുടെ ഭാഗമായി ശിവസേന പ്രവർത്തകർ ബെളഗാവി ജില്ലയിൽ പ്രവേശിക്കുന്നത് ചൊവ്വാഴ്ച പൊലീസ് വിലക്കിയിരുന്നു. കർണാടക സംസ്ഥാനം രൂപവത്കരിച്ചതിന്റെ വാർഷികമായാണ് നവംബർ ഒന്ന് കന്നട രാജ്യോത്സവ ദിനമായി ആേഘാഷിക്കുന്നത്. അതേസമയം, ചിക്കമഗളൂരിൽ നടന്ന കന്നട രാജ്യോത്സവ് ദിനാഘോഷപരിപാടിക്കിടെ വിവിധ ദലിത് സംഘടനകളും പ്രതിഷേധിച്ചു.
സുഭാഷ് ചന്ദ്രബോസ് മൈതാനത്താണ് ഔദ്യോഗിക പരിപാടികൾ നടന്നത്. ഇതിനു മുമ്പാണ് ആസാദ് പാർക്കിൽ ദലിത് നേതാക്കളുടെ നേതൃത്വത്തിൽ കറുത്ത തുണിയണിഞ്ഞ് പ്രതിഷേധപരിപാടി നടത്തിയത്. ദലിതരായ എസ്റ്റേറ്റ് തൊഴിലാളികളെ ആക്രമിച്ച എസ്േറ്ററ്റ് ഉടമകൾക്കെതിരെ നടപടിയെടുക്കാത്ത ജില്ല ഭരണകൂടത്തിനെതിരെയും മണ്ഡലം എം.എൽ.എ സി.ടി. രവിക്കുമെതിരെയായിരുന്നു പ്രതിഷേധം. പൊലീസ് 20 ദലിത് നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.