എസ്.ഐ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് നിരോധനാജ്ഞ
text_fieldsബംഗളൂരു: ജനുവരി 23ന് എസ്.ഐ നിയമന പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. പരീക്ഷാ കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയിൽ വരുന്ന എല്ലാ ഫോട്ടോകോപ്പി സ്ഥാപനങ്ങളും ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ പരീക്ഷ പൂർത്തിയാകുന്നതുവരെ അടച്ചിടണമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു. കഴിഞ്ഞതവണ വൻ ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് എസ്.ഐ നിയമന പരീക്ഷ റാങ്ക് ലിസ്റ്റ് റദ്ദാക്കുകയും റിക്രൂട്ട്മെന്റ് തട്ടിപ്പിന് നേതൃത്വം നൽകിയവരും ഉദ്യോഗാർഥികളും അടക്കമുള്ളവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
അതേസമയം, ഇന്റലിജൻസ് വിങ്ങിൽനിന്നുള്ള എസ്.ഐ തങ്ങളെ ബന്ധപ്പെട്ടിരുന്നതായും ചോദ്യപേപ്പർ തന്റെ പക്കലുണ്ടെന്നും പണം നൽകിയാൽ കൈമാറാമെന്ന് അറിയിച്ചതായും ചില ഉദ്യോഗാർഥികൾ പരാതി നൽകി. തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് ഇന്റലിജൻസ് വിഭാഗം എസ്.ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ക്രമക്കേടുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ഉദ്യോഗാർഥികളെ ബന്ധപ്പെട്ടതാണെന്നാണ് പൊലീസുകാരന്റെ മൊഴിയെന്നും ഇതുവരെ തെറ്റായതൊന്നും സ്ഥിരീകരിക്കാനായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.