ജ്ഞാനഭാരതി കാമ്പസിൽ പൊതുവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കും
text_fieldsബംഗളൂരു: ബാംഗ്ലൂർ യൂനിവേഴ്സിറ്റിയുടെ ജഞാനഭാരതി കാമ്പസിൽ പുറമെ നിന്നുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി സർക്കാറിന് കത്തുനൽകി. ഇതുസംബന്ധിച്ച് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ എം. ജയകാര ഷെട്ടിയുടെ നിർദേശപ്രകാരമാണ് കൗൺസിൽ ചെയർമാൻ കത്ത് ആഭ്യന്തര, ഗതാഗത വകുപ്പുകൾക്കും സിറ്റി പൊലീസ് കമീഷണർക്കും കൈമാറിയത്. ജ്ഞാനഭാരതി കാമ്പസിലൂടെയുള്ള വാഹനഗതാഗതം പലപ്പോഴും അപകടങ്ങൾക്ക് വഴിവെക്കുന്നതായും കാമ്പസിൽ വായുമലിനീകരണം സൃഷ്ടിക്കുന്നതായും അക്കാദമിക പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായുമായാണ് ആരോപണം.
2022ൽ കാമ്പസിലെ വാഹനാപകടത്തിൽ എം.എസ് സി വിദ്യാർഥിനി മരിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കാമ്പസിലൂടെ കടന്നുപോകുന്ന റോഡുകളിൽ മേൽപാലവും അടിപ്പാതയും സ്കൈവാക്കുകളും നിർമിക്കണമെന്ന ആവശ്യവുമുയർന്നിരുന്നു. എന്നാൽ, ഇവയൊന്നും നടപ്പായില്ല. താൻ ജ്ഞാനഭാരതി കാമ്പസ് സന്ദർശിച്ചതായും കാമ്പസിലെ ഗതാഗത തടസ്സവും അപകടസാധ്യതയും നേരിട്ട് ബോധ്യപ്പെട്ടതായും കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി ചൂണ്ടിക്കാട്ടി. നാഗർഭാവി ജങ്ഷൻ, ഉള്ളാൾ ജങ്ഷൻ, െമെസൂരു റോഡ് ജങ്ഷൻ എന്നിവ കാമ്പസ് പാതയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പൊതുവാഹനങ്ങൾ കാമ്പസിൽ പ്രവേശിക്കുന്നത് തടയുകയും പകരം റൂട്ടുകൾ ഏർപ്പെടുത്തുകയും വേണം- അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.