പർപ്പിൾ ലൈൻ: എട്ട് സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം
text_fieldsബംഗളൂരു: പർപ്പിൾ ലൈനിലെ കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യമൊരുക്കാൻ ബി.എം.ആർ.സി. സ്റ്റേഷനുകളിൽ മതിയായ പാർക്കിങ് സൗകര്യം ഏർപ്പെടുത്താത്തതിനാൽ യാത്രക്കാർ വാഹനങ്ങൾ റോഡുകളോട് ചേർന്നുനിർത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് അധികൃതർ നടപടികളെടുക്കുന്നത്.
കഴിഞ്ഞ മാസം പ്രവർത്തനം തുടങ്ങിയ ബെന്നിഗനഹള്ളി, ചല്ലഘട്ടെ സ്റ്റേഷനുകൾ ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് പാർക്കിങ് സൗകര്യം വിപുലീകരിക്കുന്നത്. മൈസൂരു റോഡ്, സംമ്പിഗെ റോഡ്, സീതാരാമപാളയ, നല്ലൂർഹള്ളി, സത്യസായി ഹോസ്പിറ്റൽ, കാടുഗോഡി ട്രീ പാർക്ക് എന്നിവയാണ് പാർക്കിങ് സൗകര്യം വർധിപ്പിക്കുന്ന മറ്റു സ്റ്റേഷനുകൾ. 2069 ഇരുചക്ര വാഹനങ്ങളും 150 നാലു ചക്രവാഹനങ്ങളും അധികമായി പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക.
പാർക്കിങ് നടത്തിപ്പിനായി സ്വകാര്യ കമ്പനികളിൽനിന്ന് അടുത്തിടെ കരാർ ക്ഷണിച്ചിരുന്നു. മൂന്നു വർഷത്തേക്കാകും കരാർ നൽകുക. ഇ-ടിക്കറ്റ് നൽകി പാർക്ക് ചെയ്യുന്നവരിൽനിന്ന് കമ്പനിക്ക് പണം കൈപ്പറ്റാം. വാഹനത്തിന്റെ മുഴുവൻ സുരക്ഷയും കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.
കാറുകൾക്ക് നാലു മണിക്കൂറിന് 30 രൂപയാണ് മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് നിരക്ക് ഈടാക്കുന്നത്. ഓരോ അധിക മണിക്കൂറിനും 10 രൂപ നൽകണം. ഇരുചക്രവാഹനങ്ങൾക്ക് നാലു മണിക്കൂറിന് 15 രൂപയാണ്. ഓരോ അധിക മണിക്കൂറിനും അഞ്ചുരൂപയും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.