പുഷ്പഗിരി വന്യജീവി സങ്കേതം വിസ്തൃതി കൂട്ടി; പ്രതിഷേധം
text_fieldsബംഗളൂരു: കുടക് മേഖലയിലെ പുഷ്പഗിരി വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി വർധിപ്പിച്ചു. സോമവാരപേട്ട് താലൂക്കിൽപെടുന്ന കൊട്ടനള്ളി, കുടിഗന, കുമാരള്ളി എന്നീ ഗ്രാമങ്ങളിലേക്കാണ് വനപരിധി വർധിപ്പിച്ചത്. ഇതോടെ വനപ്രദേശം 8,000 ഹെക്ടറിൽനിന്ന് 11,000 ഹെക്ടറായി ഉയർന്നു.
പുഷ്പഗിരി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലാണ് കൊട്ടനള്ളി, കുടിഗന, കുമാരള്ളി എന്നീ ഗ്രാമങ്ങൾ. ഇതേത്തുടർന്നാണ് ഈ ഗ്രാമങ്ങളെ കൂടി വനപരിധിയിൽ ഉൾപ്പെടുത്തിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മനുഷ്യർക്ക് നേരെ വന്യജീവികളുടെ ആക്രമണം പതിവായി നടക്കുന്ന പ്രദേശമാണ് മലയോര ജില്ലയായ കുടക്. പുഷ്പഗിരി വന്യജീവി സങ്കേതത്തിൽനിന്നെത്തുന്ന കാട്ടാനകൾ ജനവാസമേഖലകളിലെ കാപ്പിത്തോട്ടങ്ങളിൽ തമ്പടിച്ച് ആക്രമണം നടത്താറുണ്ട്.
കടുവ, പുള്ളിപ്പുലി, കരടി എന്നിവയുടെ ആക്രമണവും പതിവാണ്. വന്യജീവികളുടെ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വനംവകുപ്പ് അധികൃതർ വനമേഖല വർധിപ്പിച്ചതെന്ന് ഗ്രാമവാസികൾ കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ കുടകിലെ ജനങ്ങൾ എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്.
പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഗ്രാമവാസികളുമായി വനംവകുപ്പ് അധികൃതർ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇരുവിഭാഗവും തമ്മിൽ വാഗ്വാദമുണ്ടാവുകയാണ് ചെയ്തത്. വനമേഖല വർധിപ്പിച്ചത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ഗ്രാമവാസികൾ പറയുന്നു. അതിനാൽ, പുതുതായി തയാറാക്കിയ വനപരിധി മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.