ഒക്ടോബർ മുതൽ നമ്മ മെട്രോയിൽ ക്യൂ.ആർ കോഡ് ടിക്കറ്റുകൾ
text_fieldsബംഗളൂരു: ഒക്ടോബർ മുതൽ നമ്മ മെട്രോ യാത്രക്കാർക്ക് സ്മാർട്ട് കാർഡോ യാത്രാ ടോക്കണോ ഇല്ലാതെ യാത്ര ചെയ്യാനാകും. ഇതിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ക്യൂ.ആർ അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചു. ഇതുവഴി നമ്മ മെട്രോ മൊബൈൽ ആപ്പിലൂടെ ടിക്കറ്റുകൾ വാങ്ങാൻ യാത്രക്കാർക്ക് കഴിയും. ആപ്പിലൂടെ യാത്ര തുടങ്ങുന്ന സ്റ്റേഷൻ, ഇറങ്ങേണ്ട സ്ഥലം, യാത്രക്കാരുടെ എണ്ണം എന്നീ വിവരങ്ങൾ നൽകിയാൽതന്നെ ടിക്കറ്റ് എടുക്കാം.
ഇതുവഴി ടിക്കറ്റിനായി വരിനിൽക്കുന്ന അവസ്ഥയും ഒഴിവാക്കാം. ആപ്പിൽ കാണിക്കുന്ന ക്യൂ.ആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഗേറ്റുകളിൽ ഉള്ള ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സംവിധാനത്തിൽ സ്കാൻചെയ്താണ് ടിക്കറ്റുകൾ നേടേണ്ടത്.
ഈ സംവിധാനം നിലവിൽവന്നുകഴിഞ്ഞാൽ പ്ലാസ്റ്റിക് സ്മാർട്ട് കാർഡുകൾ പോക്കറ്റിൽ കൊണ്ടുനടക്കേണ്ട. നിലവിൽ കാലാവധിയുള്ള സ്മാർട്ട് ടിക്കറ്റുകളും കാർഡുകളും തുടർന്നും ഉപയോഗിക്കാവുന്നതാണ്. പുതിയ സംവിധാനത്തിനായുള്ള നാഷനൽ കോമൺ മൊബിലിറ്റി കാർഡ്, ക്യൂ.ആർ കോഡ് എ.എഫ്.സി ഗേറ്റുകൾ എന്നിവ പുതിയ ഘട്ടത്തിലുള്ള രണ്ട് മെട്രോ സ്റ്റേഷനുകളിൽ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
മറ്റ് സ്റ്റേഷനുകളിലും ഇവ സ്ഥാപിക്കാനുള്ള നടപടികൾ നടക്കുകയാണ്. ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് അഞ്ച് ശതമാനം ഇളവും ലഭിക്കും. നിലവിൽ സ്മാർട്ട് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമേ അഞ്ച് ശതമാനം നിരക്കിളവ് ലഭിക്കുന്നുള്ളൂ. ആദ്യഘട്ടത്തിൽ ക്യൂ.ആർ കോഡ് ടിക്കറ്റ് സംവിധാനം നമ്മ മെട്രോ ആപ്പിൽ മാത്രമേ ലഭിക്കൂ. അടുത്ത ഘട്ടത്തിൽ മറ്റ് ആപ്പുകളിലും ഡിജിറ്റൽ സംവിധാനങ്ങളിലും ഇത് ഏർപ്പെടുത്തുമെന്ന് ബി.എം.ആർ.സി.എൽ മാനേജിങ് ഡയറക്ടർ അൻജും പർവേസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.