ആർ. അശോക പ്രതിപക്ഷ നേതാവ്
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷം ഒടുവിൽ ബി.ജെ.പി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തു. ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മുൻ ഉപമുഖ്യമന്ത്രി ആർ. അശോകയെ നിയമസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. എന്നാൽ, നിയമനിർമാണ കൗൺസിലിലേക്കുള്ള നേതാവിനെ ഇനിയും തിരഞ്ഞെടുക്കാനായിട്ടില്ല. ബി.ജെ.പി കേന്ദ്ര നിരീക്ഷകർ ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്ന് എം.എൽ.എമാരുമായി വെവ്വേറെ സംസാരിച്ചാണ് ഒടുവിൽ ആർ. അശോകക്ക് നറുക്ക് വീണത്.
അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനം മോഹിച്ച വിജയപുര എം.എൽ.എ ബസന ഗൗഡ പാട്ടീൽ യത്നാൽ, ഗോകക് എം.എൽ.എ രമേഷ് ജാർക്കിഹോളി എന്നിവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തങ്ങളെ തഴഞ്ഞ് ആർ. അശോകയെയാണ് നിയമിക്കുന്നതെന്ന വിവരം അറിഞ്ഞതോടെയാണ് ഇവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. വടക്കൻ കർണാടകയിലെ നേതാവായ തന്നെ പ്രതിപക്ഷ നേതാവായി പരിഗണിക്കണമെന്ന് യത്നാൽ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടുവരുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനവും അദ്ദേഹം മോഹിച്ചിരുന്നുവെങ്കിലും യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയെയാണ് നിയമിച്ചത്.
ആർ. അശോകയെന്ന വൊക്കലിഗ നേതാവ്
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആർ. അശോക സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കലിഗരുടെ നേതാവുകൂടിയാണ്. ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, റവന്യൂ മന്ത്രി, പ്രതിപക്ഷ ഉപനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ഏറെ സ്വാധീനമുള്ള അദ്ദേഹത്തിന്റെ പുതിയ നിയമനം അടുത്ത് നടക്കാനിരിക്കുന്ന ബി.ബി.എം.പി, ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം നേട്ടമുണ്ടാക്കാൻ വഴിയൊരുക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.
കഴിഞ്ഞ ദിവസം ലിംഗായത്ത് സമുദായ നേതാവുകൂടിയായ ബി.വൈ. വിജയേന്ദ്രയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി നിയമിച്ചിരുന്നു. വൊക്കലിഗക്കാരനായ ആർ. അശോകയെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ സാമുദായിക സന്തുലനം ഉണ്ടാക്കുകകൂടിയാണ് ബി.ജെ.പി. നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവായി ഒ.ബി.സി വിഭാഗക്കാരനെ ആയിരിക്കും നിയമിക്കുകയെന്നും സൂചനയുണ്ട്. അങ്ങിനെ വന്നാൽ കോട്ട ശ്രീനിവാസ് പൂജാരിക്കായിരിക്കും സ്ഥാനം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.