ആരോഗ്യമഹത്വം പറഞ്ഞ് ഭാരത് ജോഡോ യാത്ര
text_fieldsബംഗളൂരു: പതിവ് രാഷ്ട്രീയപാർട്ടികളുടെ പദയാത്രയല്ല കോൺഗ്രസിന്‍റെ 'ഭാരത് ജോഡോ യാത്ര'യെന്ന് തെളിയിക്കുകയാണ് ഓരോ ദിവസവും രാഹുൽ ഗാന്ധി. കർണാടകയിൽ പര്യടനം തുടരുന്ന പദയാത്രയുടെ പ്രധാന പ്രത്യേകത യുവതീയുവാക്കളുടേയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും വർധിച്ച പങ്കാളിത്തമാണ്.
ദിവസേന ഇതുമായി ബന്ധപ്പെട്ട വ്യത്യസ്തകാര്യങ്ങളാണ് സംഭവിക്കുന്നത്. ബുധനാഴ്ച പുറത്തുവന്ന ചിത്രം അത്തരത്തിലുള്ളതാണ്. ചിത്രദുർഗ ജില്ലയിലെ റോഡിൽ 52കാരനായ രാഹുൽ ഗാന്ധി പുഷ് അപ്പ് ചെയ്യുന്നതാണ് ചിത്രം. കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും ഒരു കുട്ടിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ, രാഹുൽ മാത്രമാണ് പുഷ്അപ്പുകൾ കൃത്യമായി ചെയ്തത്. 'ഒരു മുഴുവൻ പുഷ് അപ്പും മറ്റ് രണ്ട് പകുതി പുഷ്അപ്പും' എന്ന അടിക്കുറിപ്പോടെ പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് വൈറലായി. കഴിഞ്ഞ ദിവസം യാത്രക്കിടെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ദരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുടെ കൈകൾ പിടിച്ച് രാഹുൽ ഓടിയിരുന്നു.
മാണ്ഡ്യയിലെ പാണ്ഡവപുരത്ത് നടന്ന ജോഡോ യാത്രയിൽ അമ്മയും കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഷൂവിന്‍റെ ചരട് രാഹുൽ ഗാന്ധി കെട്ടിക്കൊടുത്ത ചിത്രവും ഏറെ വൈറൽ ആയിരുന്നു. അവയവദാനം നടത്തിയവരും ഇവരുടെ ബന്ധുക്കളും ബുധനാഴ്ചത്തെ പര്യടനത്തിൽ പങ്കാളികളായി. 33 പേർ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തത് വ്യത്യസ്ത അനുഭവമായി.
ചെറിയ പ്രായത്തിൽതന്നെ മരണപ്പെട്ട രക്ഷിത, വേദ, വിജയ് തുടങ്ങിയവരുടെ ബന്ധുക്കളാണ് പങ്കെടുത്തത്. അവയവദാനം ചെയ്ത് മരണത്തിന് ശേഷവും മറ്റുള്ളവരിലൂടെ ജീവിക്കുന്ന ഇവർ ധീരരാണെന്ന് രാഹുൽ പറഞ്ഞു. സഹാനുഭൂതി, മാനവികത എന്നിവയാണ് അവർ പ്രസരിപ്പിക്കുന്നത്. ഏതാനും ചിലരുടെ വിദ്വേഷ പ്രചാരണത്തിൽ മാനുഷിക സ്നേഹം സമൂഹത്തിന് നഷ്ടമാകരുതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയടക്കമുള്ള വിഷയങ്ങളിൽ രൂക്ഷമായ വിമർശനമാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെതിരെ രാഹുൽ ഉന്നയിക്കുന്നത്. ഡബിൾ എൻജിൻ സർക്കാർ യുവാക്കളുടെ ഭാവിയെ അപഹരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും കർണാടകയിലും ബി.ജെ.പി ഭരിക്കുന്നതിനാൽ ഇത് 'ഡബിൾ എൻജിൻ' സർക്കാർ ആണെന്നാണ് പ്രധാനമന്ത്രി മോദി അടക്കമുള്ള ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.