വിമാനത്താവളത്തിലേക്ക് റെയിൽപാത നിർമിക്കും -മന്ത്രി അശ്വിനി വൈഷ്ണവ്
text_fieldsറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതി അവലോകനം ചെയ്യുന്നു
ബംഗളൂരു: ബംഗളൂരു നഗരത്തിൽനിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്നതിന് പുതിയ റെയിൽപ്പാത നിർമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബംഗളൂരുവിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.ദൊഡ്ഡജാലയിൽനിന്ന് വിമാനത്താവളത്തിലേക്ക് 7.9 കിലോമീറ്റർ പാത നിർമിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിൽ 6.25 കിലോമീറ്റർ എലിവേറ്റഡ് പാതയും 1.65 കിലോമീറ്റർ ഭൂഗർഭപാതയുമായിരിക്കും. വിമാനത്താവളത്തിലേക്ക് മെട്രോ റെയിൽ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.സബർബൻ റെയിൽ പദ്ധതിയുടെ പ്രവൃത്തിയും നടക്കുന്നുണ്ട്. ഇതിനുപുറമേയാണ് റെയിൽവേയുടെ പുതിയപാതയും വിമാനത്താവളത്തിലേക്കെത്തുന്നത്.വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്കെത്തുന്ന നിലവിലെ പാതയുടെ വികസനത്തിന് ചില തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ മേൽപ്പാലം നിർമിക്കേണ്ടതുണ്ട്.
ഇത് യാഥാർഥ്യമാകുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ആശ്വാസം ലഭിക്കും. നിലവിൽ വിമാനത്താവളത്തോട് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കെ.ഐ.എ. ഹാൾട്ട് സ്റ്റേഷനാണ്. ഇവിടേക്ക് വിമാനത്താവള ടെർമിനലിൽനിന്ന് മൂന്നര കിലോമീറ്റർ അകലമുണ്ട്.ദൊഡ്ഡജാലയിൽനിന്നുള്ള പുതിയപാത വരുന്നതോടെ വിമാനത്താവളവുമായി കൂടുതൽ അടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.ബംഗളൂരു ഡിവിഷനൽ മാനേജറുടെ ഓഫിസിൽ നടന്ന യോഗത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ അരവിന്ദ ശ്രീവാസ്തവ, റെയിൽവേ വീൽ ഫാക്ടറി ജനറൽ മാനേജർ ചന്ദ്ര വീർ രാമൻ തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.