ടിക്കറ്റുകൾക്ക് തെർമൽ പ്രിന്ററുകളുമായി റെയിൽവേ
text_fieldsബംഗളൂരു: അൺറിസർവ്ഡ് ടിക്കറ്റുകൾ പ്രിന്റ് ചെയ്യാൻ തെർമൽ പ്രിന്ററുകളുപയോഗിക്കാനൊരുങ്ങി റെയിൽവേ. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിൽ ബംഗളൂരു ഡിവിഷനിലെ കെ.എസ്.ആർ ബംഗളൂരു സ്റ്റേഷനിലാണ് തെർമൽ പ്രിന്ററുകൾ സ്ഥാപിച്ചിട്ടുള്ളത്.
പ്രതിദിനം 12,000 മുതൽ 13,000 ടിക്കറ്റുകളാണ് കെ.എസ്.ആർ ബംഗളൂരു സ്റ്റേഷനിൽ വിൽക്കുന്നത്. ഉടൻ കൃഷ്ണരാജപുരം, ബയ്യപ്പനഹള്ളി ടെർമിനൽ, യശ്വന്ത്പൂർ എന്നിവിടങ്ങളിലും ഇവ സ്ഥാപിക്കും. നിലവിൽ ഉപയോഗിക്കുന്ന ഡോട്ട് മാട്രിക്സ് ടിക്കറ്റ് പ്രിന്റിങ് മെഷീനുകൾ ഒരു ടിക്കറ്റ് പ്രിന്റ് ചെയ്യാൻ 20 സെക്കൻഡ് എടുക്കുമ്പോൾ തെർമൽ പ്രിന്ററുകൾക്ക് മൂന്ന് സെക്കന്റ് മാത്രം മതി.
താരതമ്യേന ചെലവ് കുറവാണെന്നതോടൊപ്പം വ്യാജ ടിക്കറ്റുകളും തടയാമെന്നതാണ് തെർമൽ പ്രിന്ററുകളിലേക്ക് മാറാൻ റെയിൽവേയെ പ്രേരിപ്പിക്കുന്നത്. ഓരോ ടിക്കറ്റിലും പ്രത്യേക ക്യു.ആർ കോഡുണ്ടാവുമെന്നും ഇതുപയോഗിച്ച് ടി.ടി.ഇക്ക് അവരുടെ ആപ്പിലൂടെ ടിക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പ് വരുത്താമെന്നും ബംഗളൂരു ഡിവിഷൻ സീനിയർ ഡിവിഷണൽ കൊമേഴ്ഷ്യൽ മാനേജർ കൃഷ്ണ ചൈതന്യ പറഞ്ഞു.
അടുത്തവർഷം ഒക്ടോബറിനുമുമ്പായി 90 ശതമാനം ടിക്കറ്റുകളും തെർമൽ പ്രിന്റിങ്ങിലേക്ക് മാറ്റാനാണ് ബംഗളൂരു ഡിവിഷൻ ലക്ഷ്യമിടുന്നത്. നേരത്തേ റെയിൽവേ നടത്തിയ അന്വേഷണത്തിൽ മുംബൈ ഭീവണ്ടിയിൽനിന്ന് വ്യാജ ടിക്കറ്റ് പ്രിന്റിങ്ങിനായി സൂക്ഷിച്ച അനധികൃത ടിക്കറ്റ് തെർമൽ റോളുകൾ കണ്ടെത്തിയതടക്കം സമാനമായ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതിനെത്തുടർന്ന് ഇത്തരം പ്രവർത്തനങ്ങളവസാനിപ്പിക്കുന്നതിനുള്ള നടപടിയെടുക്കാൻ റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.