രാമക്ഷേത്ര ചടങ്ങ്: കർണാടകയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി
text_fieldsബംഗളൂരു: ബാബരി മസ്ജിദ് തകർത്ത പ്രദേശത്ത് പണിതുയർത്തിയ രാമക്ഷേത്രത്തിൽ തിങ്കളാഴ്ച വിഗ്രഹ പ്രതിഷ്ഠ നടത്തുന്ന ചടങ്ങിനോടനുബന്ധിച്ച് കർണാടകയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിർദേശം നൽകി. ജനങ്ങളെ പ്രകോപിപ്പിക്കാൻ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്തരം സംഭവങ്ങൾ ജനങ്ങൾ ഉടൻ പൊലീസിൽ അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അയോധ്യയിൽ ചടങ്ങുകൾ നടക്കുമ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര മുന്നറിയിപ്പ് നൽകിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന സമാധാനത്തിന് കൂടുതൽ ഭീഷണിയാണുയർത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
സംഘർഷസാധ്യത മേഖലകളായ മംഗളൂരു, ഉഡുപ്പി, ചിക്കമഗളൂരു, ശിവമൊഗ്ഗ, കൊപ്പാൽ, ഹുബ്ബള്ളി, ബെളഗാവി എന്നിവക്കു പുറമെ ബംഗളൂരുവും മൈസൂരുവും അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് സേന ജാഗ്രതയിലാണ്. ബംഗളൂരു നഗരത്തിൽ ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ എന്നിവക്ക് സംരക്ഷണം ഉറപ്പാക്കും. സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി മൈസൂരുവിൽ തിങ്കളാഴ്ച ജാഥകൾക്ക് അനുമതി നൽകില്ലെന്ന് സിറ്റി പൊലീസ് കമീഷണർ രമേശ് ബാണത്ത് അറിയിച്ചു. ഞായറാഴ്ച മൈസൂരു നഗരത്തിൽ പൊലീസ് പരിശോധന നടത്തി. ഇത് ചൊവ്വാഴ്ച രാവിലെ വരെ തുടരും.
രാമക്ഷേത്ര ചടങ്ങിനോടനുബന്ധിച്ച് മൈസൂരുവിൽ പലയിടങ്ങളിലായി സംഘടിപ്പിക്കുന്ന പൂജ ചടങ്ങുകൾക്ക് പൊലീസ് സംരക്ഷണം നൽകും. മംഗളൂരുവിൽ കനത്ത സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു. ശനിയാഴ്ച മംഗളൂരു നഗരത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. സ്റ്റേറ്റ് ബാങ്ക്, കാർ സ്ട്രീറ്റ്, കുദ്രോളി, ലേഡിഹിൽ എന്നിവയിലൂടെയാണ് റൂട്ട് മാർച്ച് കടന്നുപോയത്. മംഗളൂരു നഗരത്തിൽ മൂന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർമാർ, ആറ് അസി. പൊലീസ് കമീഷണർമാർ, 11 ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ 781 പൊലീസുകാരെ പ്രത്യേകം വിന്യസിച്ചു. മംഗളൂരു സിറ്റി പൊലീസ് കമീഷണറേറ്റ് പരിധിയിൽ 196 പൂജകേന്ദ്രങ്ങൾ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇവിടെ പൊലീസ് സംഘത്തെ വിന്യസിക്കും. 131 പ്രശ്നമേഖലയിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. 57 വാഹനങ്ങൾ സായുധസജ്ജമായി പട്രോളിങ് നടത്തും. പ്രത്യേകമായി 14 പൊലീസ് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. കർശന പരിശോധനകൾക്കു ശേഷമേ ഈ വഴി സഞ്ചാരം അനുവദിക്കൂ. തിങ്കളാഴ്ച പുലർച്ചെ മുതൽ രാത്രി വരെ സുരക്ഷാസംവിധാനങ്ങൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.