റമദാൻ: റിലീഫ് പ്രവർത്തനവുമായി എം.എം.എ
text_fieldsബംഗളൂരു: റമദാനിൽ ഇത്തവണയും ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) വിപുലമായ സഹായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ നൽകും. പതിറ്റാണ്ടുകളായി എം.എം.എ നൽകിവരുന്നതാണ് റിലീഫ് കിറ്റുകൾ. ഒരു കുടുംബത്തിന് നോമ്പുകാലത്ത് ആവശ്യമായ വിഭവങ്ങളാണ് ഇതിലുള്ളത്. ബംഗളൂരുവിലെ വിവിധ ഏരിയകളിൽ പല ഘട്ടങ്ങളിലായാണ് വിതരണം നടക്കുക. സർവേ നടത്തിയാണ് അർഹരായ ആളുകളെ കണ്ടെത്തിയത്.
സംഘടനയുടെ വിവിധ കേന്ദ്രങ്ങളിൽ നോമ്പുതുറക്കാനും അത്താഴം കഴിക്കാനും തറാവീഹ് പോലെയുള്ള പ്രത്യേക ആരാധനാകർമങ്ങൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. മോത്തീ നഗർ, ഡബിൾ റോഡ്, ആസാദ് നഗർ, ജയനഗർ, മൈസൂർ റോഡ് കർണാടക മലബാർ സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് സൗകര്യങ്ങൾ. ബാംഗ്ലൂരിൽ 1934 ൽ രൂപംകൊണ്ട എം.എം.എ തൊണ്ണൂറാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.
ഡിഗ്രി, പ്രഫഷനൽ കോളജ്, അനാഥമന്ദിരം, വൃദ്ധജന പരിപാലന കേന്ദ്രം, ഭിന്നശേഷി സംരക്ഷണ കേന്ദ്രം, ഉപരിപഠനത്തിനെത്തുന്ന വിദ്യാർഥിനികൾക്കായി ഗേൾസ് ഹോസ്റ്റൽ തുടങ്ങിയവയാണ് തൊണ്ണൂറാം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവ 2024 ആവുമ്പോഴേക്ക് പൂർത്തിയാക്കും. പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നൂറിന കർമ പദ്ധതികൾ നടപ്പാക്കി.
അർഹരായവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ഓട്ടോ റിക്ഷകൾ, തയ്യൽ മെഷീനുകൾ, ഉന്തുവണ്ടി, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനം തുടങ്ങിയവയുടെ വിതരണം എന്നിവ നടക്കുന്നുണ്ട്.സാമ്പത്തിക സഹായങ്ങൾ, പഠന സഹായം, ചികിത്സാ സഹായം തുടങ്ങിയവയും നടത്തുന്നു. അർഹരായവർക്ക് വീടുകൾ നിർമിച്ചുനൽകുന്ന ഭവനപദ്ധതിയും പുരോഗമിക്കുന്നു. ആതുരശുശ്രൂഷാരംഗത്തും വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു.
വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, സെക്രട്ടറി പി.എം. അബ്ദുല്ലത്തീഫ് ഹാജി, ട്രഷറർ സി.എം മുഹമ്മദ് ഹാജി, അഡ്വ.പി. ഉസ്മാൻ, കെ.സി. അബ്ദുൽ ഖാദർ, കെ.എച്ച്. ഫാറൂഖ്, ടി.പി. മുനീർ, വി.സി. കരീം ഹാജി, പി.എം. മുഹമ്മദ് മൗലവി, ആസിഫ് ഇഖ്ബാൽ, തൻവീർ മുഹമ്മദ്, വൈക്കിങ് മൂസ, ശബീർ ടി.സി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.