‘ബി.ജെ.പി എം.എൽ.എ വികാസ് സൗധയിലും കാറിലും പീഡിപ്പിച്ചു’
text_fieldsബംഗളൂരു: ബി.ജെ.പി എം.എൽ.എ മുനിരത്ന തന്നെ വികാസ് സൗധയിൽവെച്ചും ഔദ്യോഗിക കാറിൽവെച്ചും പീഡിപ്പിച്ചതായി ഇരയുടെ മൊഴി. നെലമംഗല ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലെ ജഡ്ജ് മുമ്പാകെയാണ് 40കാരിയായ ഇര മൊഴി നൽകിയത്. കേസിൽ സെപ്റ്റംബർ 18ന് മുനിരത്ന എം.എൽ.എ അറസ്റ്റിലായിരുന്നു. എം.എൽ.എ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. മുനിരത്നയെ എസ്.ഐ.ടി സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്ന മുനിരത്നക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. 18ന് ഉച്ചയോടെ അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യ ഉത്തരവ് ജയിലധികൃതർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ, ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് രാമനഗര കഗ്ഗാലിപുര പൊലീസ് എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തെന്ന സാമൂഹിക പ്രവർത്തകയായ യുവതിയുടെ പരാതിയിൽ മുനിരത്ന അടക്കം ഏഴുപേർക്കെതിരെയാണ് കഗ്ഗാലിപുര പൊലീസ് കേസെടുത്തത്. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ പലതവണ തന്നെ പീഡിപ്പിക്കുകയും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മുനിരത്നയെ കൂടാതെ, വിജയ് കുമാർ, സുധാകർ, കിരൺകുമാർ, ലോഹിത് ഗൗഡ, മഞ്ജുനാഥ, ലോകി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
യുവതിയുടെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കിയ മുനിരത്ന 2020ൽ വാട്സ്ആപ് വഴി പരിചയപ്പെട്ടു. അൽപ ദിവസങ്ങൾക്കുശേഷം ഇരുവരും മുത്യാല നഗറിൽവെച്ച് കണ്ടുമുട്ടി. വാട്സ്ആപ് വിഡിയോ കാളിൽ നഗ്നയാവാൻ മുനിരത്ന യുവതിയോട് ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം മുത്യാലനഗറിലെ മുനിരത്നയുടെ ഗോഡൗണിലേക്ക് യുവതിയെ വിളിച്ചുവരുത്തി. തനിക്ക് വഴങ്ങിയില്ലെങ്കിൽ വ്യാജ കേസിൽ കുടുക്കുമെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
മറ്റൊരു യുവതിയെ കൂടെ അയക്കുകയും മുൻ വനിതാ കോർപറേറ്ററുടെ ഭർത്താവിനെ ഹണിട്രാപിൽ കുടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് എതിർ പാർട്ടിയിലെ നേതാവിനെതിരെ അശ്ലീല വിഡിയോ നിർമിക്കാൻ മുനിരത്ന ആവശ്യപ്പെട്ടു. ചില പൊലീസുകാരെയും ഇത്തരത്തിൽ വിഡിയോ നിർമിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും പരാതിയിൽ പറയുന്നു. മുനിരത്നയും കൂട്ടാളികളും സംഘടിപ്പിച്ച ജന്മദിനാഘോഷ പാർട്ടിയിലേക്ക് മുനിരത്ന ആവശ്യപ്പെട്ട മറ്റൊരു യുവതിയെ എത്തിക്കാൻ നിർബന്ധിച്ചതായും പിന്നീട് ആ യുവതിയുമായി മൂന്ന് സ്ഥലങ്ങളിലെ റിസോർട്ടുകളിൽ താമസിച്ച് അവരുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. കൈക്കൂലി ആവശ്യപ്പെടുകയും ജീവൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ബി.ബി.എം.പി കരാറുകാരൻ നൽകിയ പരാതിയിൽ മുനിരത്നക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു. ഈ കേസിൽ ബി.ജെ.പി എം.എൽ.എ മുൻകൂർ ജാമ്യം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.