വിചാരണത്തടവുകാരുടെ കാര്യത്തിൽ പുനർവിചിന്തനം വേണം -മഅ്ദനി
text_fieldsബംഗളൂരു: വിചാരണത്തടവുകാരെന്ന പേരിൽ കുറ്റാരോപിതരെ വർഷങ്ങളോളം തടവിൽ വെക്കുന്നത് രാജ്യത്തിന്റെ നീതിസംവിധാനത്തിന് അപമാനകരമാണെന്നും ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർ പുനർവിചിന്തനം നടത്തണമെന്നും പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി അനുവദിച്ച ഇളവിനെത്തുടർന്ന് തിങ്കളാഴ്ച ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കവേ, മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏറ്റവുമധികം കാലം വിചാരണത്തടവുകാരനായി കഴിയേണ്ടി വന്നവരിലൊരാളാണ് ഞാൻ. അത് അഭിമുഖീകരിക്കാൻ മാനസികമായി തയാറെടുത്തിരുന്നു.
വളരെ ആസൂത്രിതമായി തന്നെ കുടുക്കിയതായതിനാൽ പെട്ടെന്നൊന്നും തിരിച്ചുപോകാൻ കഴിയില്ലെന്ന് ബംഗളൂരുവിലേക്ക് വരുമ്പോൾതന്നെ അറിയാമായിരുന്നു. പതിറ്റാണ്ടുകളോളം മനുഷ്യരെ വിചാരണത്തടവുകാരായി വെക്കുക, എന്നിട്ടവർ ജീവച്ഛവങ്ങളായി കഴിയുമ്പോൾ നിരപരാധികളാണെന്ന് പറഞ്ഞ് പുറത്തുവിടുന്ന സാഹചര്യം. ഇത് നമ്മുടെ രാജ്യത്തിന്റെ നീതി സംവിധാനത്തിന് അപമാനകരമായ കാര്യമാണ്. ഇതുസംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവർ പുനർവിചിന്തനം നടത്തുമെന്നാണ് ഞാൻ കരുതുന്നത് -മഅ്ദനി പറഞ്ഞു.
മഅ്ദനി ഏറെ ക്ഷീണിതൻ
കൊച്ചി: ബംഗളൂരുവിൽനിന്നെത്തിയ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ നെടുമ്പാശ്ശേരിയിൽനിന്ന് കൊല്ലം അൻവാർശ്ശേരിയിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏറെ ക്ഷീണിതനായതിനെ തുടർന്ന്. തിങ്കളാഴ്ച വൈകീട്ട് ഏഴേകാലോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുമ്പോൾതന്നെ മഅ്ദനി ക്ഷീണിതനായിരുന്നു. തുടർന്ന്, വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽ അൽപ്പസമയം വിശ്രമിച്ച് മാധ്യമപ്രവർത്തകരെയും കണ്ട ശേഷമാണ് ആംബുലൻസിൽ അൻവാർശ്ശേരിയിലേക്ക് യാത്ര തിരിച്ചത്. യാത്രയിൽ ആലുവക്കടുത്ത്വെച്ച് ഛർദി അനുഭവപ്പെട്ടു. ആംബുലൻസിലുള്ള ഡോക്ടറുടെ പ്രാഥമിക പരിശോധനക്ക് ശേഷം അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.