ബംഗളൂരു-ഹൈദരാബാദ് റൂട്ടിൽ ഇനി അതിവേഗ സുഖയാത്ര
text_fieldsബംഗളൂരു: ബംഗളൂരുവിലെ യശ്വന്ത്പുരയിൽനിന്നും ഹൈദരാബാദിലെ കച്ചേഗുഡയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ (20703/20704) പതിവ് സർവിസ് തിങ്കളാഴ്ച മുതൽ.
ഐ.ടി ഹബ്ബുകളായ ഇരു നഗരങ്ങൾക്കുമിടയിൽ അതിവേഗ സുഖയാത്ര ഇനി സാധ്യമാകും. പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കച്ചേഗുഡയിൽനിന്ന് പുലർച്ചെ 5.30ന് പുറപ്പെട്ട വന്ദേഭാരത് 609.81 കിലോമീറ്റർ ദൂരം എട്ടരമണിക്കൂർ കൊണ്ട് പിന്നിട്ടാണ് യശ്വന്ത്പുരയിലെത്തിയത്. 71 കിലോമീറ്ററാണ് പരമാവധി വേഗം. പരീക്ഷണ ഓട്ടത്തിൽ യശ്വന്ത്പുരയിൽനിന്ന് ഉച്ചക്ക് 2.45ന് മടക്ക ട്രെയിൻ പുറപ്പെട്ടു.
ട്രെയിനിന്റെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തുടങ്ങിയിട്ടുണ്ട്. എട്ടുകോച്ചുകളുള്ള ട്രെയിനിൽ ഏഴെണ്ണം ചെയർ കാറുകളും ഒരെണ്ണം എക്സിക്യൂട്ടിവ് ചെയർ കാറുമാണ്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ്. പതിവ് സർവിസിൽ പുലർച്ചെ 5.30ന് കച്ചേഗുഡയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് രണ്ടിന് യശ്വന്ത്പുരയിലെത്തും. യശ്വന്ത്പുരയിൽനിന്ന് ഉച്ചക്ക് 2.45ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.15ന് കച്ചേഗുഡയിൽ എത്തും.
സൗത്ത് സെൻട്രൽ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള വന്ദേഭാരതിന് യശ്വന്ത്പുരയും കച്ചേഗുഡയും കൂടാതെ ആകെ നാല് സ്റ്റോപുകളാണ് അനുവദിച്ചിരിക്കുന്നത്. ധർമാവരം, അനന്ത്പുർ, കർണൂൽ സിറ്റി, മെഹ്ബൂബ് നഗർ എന്നിവയാണ് മറ്റു സ്റ്റോപുകൾ. ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം എട്ടുമണിക്കൂറിലാണ് ഓടിയെത്തുക. നിലവിൽ ഈ റൂട്ടിൽ 9-12 മണിക്കൂർ കൊണ്ടാണ് സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ട്രെയിനുകൾ ഓടിയെത്തുന്നത്. ഒമ്പത് മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന യശ്വന്ത്പുര-ഡൽഹി തുരന്തോ എക്സ്പ്രസാണ് നിലവിലെ വേഗമേറിയ ട്രെയിൻ.
സമയക്രമം
യശ്വന്ത്പുര-കച്ചേഗുഡ
1.യശ്വന്ത്പുര- ഉച്ചക്ക് 2.45
2.ധർമാവരം-5.20
3.അനന്ത്പുർ-5.41
4.കർണൂൽ സിറ്റി-7.51
5.മെഹ്ബൂബ്നഗർ-9.40
6.കച്ചേഗുഡ-രാത്രി 11.15.
കച്ചേഗുഡ-യശ്വന്ത്പുര
1.കച്ചേഗുഡ-പുലർച്ചെ 5.30
2.മെഹ്ബൂബ്നഗർ -7.00
3.കർണൂൽ-8.40
4.അനന്ത്പുർ-10.55
5.ധർമാവരം-11.30
6.യശ്വന്ത്പുര- ഉച്ച-2.00
ടിക്കറ്റ് നിരക്ക് (ഭക്ഷണം ഉൾപ്പെടെ)
യശ്വന്ത്പുര-കച്ചേഗുഡ: ചെയർകാർ -1540 രൂപ, എക്സിക്യൂട്ടിവ് ചെയർ കാർ -2865 രൂപ
കച്ചേഗുഡ-യശ്വന്ത്പുര: ചെയർ കാർ-1600 രൂപ, എക്സിക്യൂട്ടിവ് ചെയർ കാർ: 2915 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.