യു.എസിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ സഹായം
text_fieldsബംഗളൂരു: യു.എസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടേയും ആറുവയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ബന്ധുക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധാരാമയ്യയെ സന്ദർശിച്ച് ആവശ്യപ്പെട്ടു. കർണാടക ദാവണ്‍ഗരെ സ്വദേശികളായ യോഗേഷ് എച്ച്. നാഗരാജപ്പ (37), ഭാര്യ പ്രതിഭ വൈ. അമർനാഥ് (35), മകൻ യാഷ് ഹൊന്നൽ(ആറ്) എന്നിവരെയാണ് മേരിലാൻഡിലെ ബാൾട്ടിമോറിലെ വീട്ടിൽ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരങ്ങൾ വിശദമായി കേട്ട മുഖ്യമന്ത്രി, ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി രജനിഷ് ഗോയലിനോട് പ്രശ്നത്തിൽ ഇടപെട്ട് വേണ്ടത് ചെയ്യാൻ നിർദേശം നൽകി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പത്ത് വർഷത്തോളമായി അമേരിക്കയിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.
കർണാടകത്തിലെ ദാവൺഗെരെ ജില്ലയിലെ ജഗലൂർ താലൂക്കിലെ ഹലേക്കൽ ഗ്രാമത്തിലാണ് യോഗേഷിന്റെ സ്വദേശം. യോഗേഷിന്റെ മാതാപിതാക്കൾ 25 വർഷമായി ദാവൻഗെരെയിലെ വിദ്യാനഗറിലാണ് താമസിച്ചിരുന്നത്. യോഗേഷിന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതിനാൽ മാതാവ് ദാവൺഗരെയിൽ തനിച്ചായിരുന്നു താമസം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കർണാടക പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായം തേടിയതായും നാട്ടിലുള്ള ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.