നിയമസഭയിലെ സവർക്കറുടെ ചിത്രം നീക്കൽ; സ്പീക്കർ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി
text_fieldsബംഗളൂരു: ഹിന്ദുത്വ ദേശീയവാദിയായിരുന്ന വീർ സവർക്കറിന്റെ ഛായാചിത്രം നിയമസഭയിൽനിന്ന് നീക്കുന്നത് സംബന്ധിച്ച് സ്പീക്കർ യു.ടി. ഖാദർ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെളഗാവിയിൽ സംയുക്ത നിയമസഭ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്താണ് നിയമസഭയിൽ സവർക്കറിന്റെ ചിത്രം തൂക്കിയത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രം നിയമസഭ ഹാളിൽ തൂക്കുന്ന കാര്യം ചർച്ചചെയ്യുമെന്ന് കഴിഞ്ഞദിവസം സ്പീക്കർ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
കഴിഞ്ഞ ഡിസംബറിൽ ബെളഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സുവർണ വിധാൻ സൗധ ഹാളിൽ സവർക്കറുടെ ചിത്രം തൂക്കിയത്. ഇതിനെതിരെ കോൺഗ്രസ് നിയമസഭയിലും പുറത്തും പ്രതിഷേധിച്ചിരുന്നു. തുടർന്ന്, ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിലെ നേതാക്കളുടെ ചിത്രങ്ങൾ നിയമസഭയിൽ വെക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ സ്പീക്കർ വിശേശ്വർ ഹെഗ്ഡെ കാഗേരിക്ക് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കത്തുനൽകിയിരുന്നു. മഹർഷി വാൽമീകി, ബസവണ്ണ, കനകദാസ, ശിഷുനാല ശരീഫ്, നാരായണ ഗുരു, അംബേദ്കർ, ജവഹർലാൽ നെഹ്റു, ബാബു ജഗജീവൻ റാം, കുവെമ്പു, വല്ലഭായ് പട്ടേൽ തുടങ്ങിയവരുടെ ചിത്രങ്ങൾ വെക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തുടർന്ന് സ്വാമി വിവേകാനന്ദ, സുഭാഷ് ചന്ദ്രബോസ്, ബി.ആർ. അംബേദ്കർ, ബസവണ്ണ, മഹാത്മാ ഗാന്ധി, സർദാർ വല്ലഭ്ഭായ് പട്ടേൽ എന്നിവരുടെ ചിത്രങ്ങൾ ബി.ജെ.പി നിയമസഭ ഹാളിൽ വെച്ചു. നെഹ്റുവിനെ ഒഴിവാക്കി പട്ടേലിന്റെ ചിത്രം സ്ഥാപിച്ചതിനെയും കോൺഗ്രസ് ചോദ്യംചെയ്തിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത സവർക്കറുടെ ചിത്രം കോൺഗ്രസ് ഭരണകാലത്തും നിയമസഭയിൽ തുടരാൻ അനുവദിക്കുന്നതിനെ സമൂഹമാധ്യമത്തിൽ പലരും ചോദ്യംചെയ്തിരുന്നു. വിഷയത്തിൽ അന്തിമ തീരുമാനം സ്പീക്കർ കൈക്കൊള്ളുമെന്നാണ് സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.