രേണുക സ്വാമി വധം; മർദനത്തിന്റെ ക്രൂര ദൃശ്യങ്ങൾ പുറത്ത്
text_fieldsബംഗളൂരു: നടൻ ദർശൻ തൂഗുദീപയും നടി പവിത്ര ഗൗഡയുമടക്കം 17 പേർ പ്രതിയായ രേണുക സ്വാമി വധക്കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിനുമുമ്പ് രേണുക സ്വാമി ജീവനുവേണ്ടി കേഴുന്ന ദൃശ്യങ്ങൾ വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
അർധ നഗ്നനായ നിലയിൽ ഇരിക്കുന്ന രേണുക സ്വാമി കരഞ്ഞുകേഴുന്ന ദയനീയ ചിത്രം, അയാൾ അനുഭവിച്ച പീഡനങ്ങളുടെ രൂക്ഷത വെളിപ്പെടുത്തുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ശരീരത്തിൽ നിരവധി പരിക്കും ദൃശ്യത്തിൽ കാണാൻ കഴിയുന്നുണ്ട്. മറ്റൊന്ന് നിലത്ത് മലർന്നുകിടക്കുന്ന ദൃശ്യമാണ്. സമീപത്തായി നിർത്തിയിട്ട ലോറികളും കാണാം. തലയോട്ടി പൊട്ടി ചോരയൊലിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ മുഖം വികൃതമാക്കുകയും ഇടതു ചെവി അറുത്തു മാറ്റിയതായും കാണാം. മരത്തടികൾ കൊണ്ട് മാരകമായി മർദിക്കുകയും സ്വകാര്യ ഭാഗത്ത് ഷോക്കേൽപിക്കുകയും ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനുപുറമെ, സമീപത്തെ വാഹനത്തിലേക്ക് ഇയാളെ എടുത്തെറിയുകയും ചെയ്തിരുന്നു. ഇത് ഗുരുതര പരിക്കിനിടയാക്കി. മർദനത്തിനുപയോഗിച്ച വസ്തുക്കളും ചിത്രങ്ങളിൽ കാണാം.
സാൻഡൽവുഡിനെ ഞെട്ടിച്ച ദർശന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നയിച്ച കൊലക്കേസിൽ ബുധനാഴ്ചയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 231 സാക്ഷി മൊഴികൾ ഉൾപ്പെടുത്തി 3991 പേജുള്ള കുറ്റപത്രമാണ് 24ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. രേണുക സ്വാമിയുടെ ചോരയുടെ സാന്നിധ്യം ദർശന്റെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയതായി ഫോറൻസിക് റിപ്പോർട്ടും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഗുരുതര പരിക്കുകളെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിനുമുമ്പ് ദർശനും സഹായികളും സ്റ്റോണി ബ്രൂക്ക് റസ്റ്റാറന്റിൽ ഒത്തുകൂടിയിരുന്നു. റസ്റ്റാറന്റ് ഉടമ ഇവർക്ക് പ്രത്യേക ഇടവും ഒരുക്കി നൽകി. ഈ റസ്റ്റാറന്റിൽ പ്രതികളെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തിയതടക്കമുള്ള വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുക സ്വാമി (33) അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് പവിത്രയെയും ദർശനെയും പ്രകോപിപ്പിച്ചു. തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് രേണുക സ്വാമിയെ ബംഗളൂരു ആർ.ആർ നഗർ പട്ടണഗരെയിലെ വാഹന ഗാരേജിലേക്ക് കൊണ്ടുവന്നു. ദർശനെ കാണാനെന്ന വ്യാജേനയാണ് യുവാവിനെ ബംഗളൂരുവിലെത്തിച്ചത്. ഗാരേജിൽ വെച്ച് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സുമനഹള്ളിയിലെ കനാലിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. പിന്നാലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി പവിത്ര ഗൗഡയുടെയും അറസ്റ്റ് രേഖപ്പെടുത്തി. 17 പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.