രേണുക സ്വാമി വധക്കേസ്: ദർശനടക്കം 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി
text_fieldsബംഗളൂരു: രേണുകസ്വാമി വധക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തൂഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. വ്യാഴാഴ്ച ബംഗളൂരുവിലെ സ്പെഷൽ കോടതിയൽ ഹാജരാക്കിയ പ്രതികളെ ആഗസ്റ്റ് ഒന്നുവരെ വീണ്ടും ജുഡീഷ്യൽ കസ്റ്റയിൽ വിട്ടു. ദർശനെയും പവിത്ര ഗൗഡയെയും യഥാക്രമം ബംഗളൂരുവിലെയും തുമകൂരുവിലെയും സെന്റർ ജയിലുകളിൽനിന്ന് വിഡിയോ കോൺഫറൻസിങ് വഴിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കേസന്വേഷണത്തിൽ ഇനിയും വിവരങ്ങൾ ശേഖരിക്കാനുള്ളതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് നിലവിലുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതി മുമ്പാകെ വാദിച്ചു. ദർശനിൽനിന്ന് 83.65 ലക്ഷം രൂപ പിടിച്ചെടുത്തതായും കൊലപാതകത്തിന് ശേഷം പല പേരിൽ പല സിം കാർഡുകൾ ഉപയോഗിച്ചതായി കണ്ടെത്തിയെന്നും കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചാൽ നിർണായകമായ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്ത കോടതി മുഴുവൻ പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.