രേണുക സ്വാമി വധം: മൂന്നു പ്രതികൾക്ക് ജാമ്യം
text_fieldsബംഗളൂരു: നടൻ ദർശൻ തൂഗുദീപ പ്രതിയായ രേണുക സ്വാമി വധക്കേസിൽ മൂന്നു പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 17 പ്രതികൾ ഉൾപ്പെടുന്ന കേസിൽ ആദ്യമായാണ് ജാമ്യം അനുവദിക്കുന്നത്. ഗിരിനഗർ സ്വദേശി ആർ. കേശവ മൂർത്തിക്ക് (27) കർണാടക ഹൈകോടതിയും ഗിരിനഗർ സ്വദേശി കാർത്തിക് (27), ബി.ജി റോഡ് സ്വദേശി നിഖിൽ നായക് എന്നിവർക്ക് സിറ്റി സിവിൽ കോടതിയുമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
മൂന്നു പ്രതികളും കസ്റ്റഡിയിൽ 100 ദിവസം പൂർത്തിയാക്കിയിരുന്നു. രേണുക സ്വാമി വധക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഈ മൂന്ന് പ്രതികളും ജൂൺ 10ന് കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. സാമ്പത്തിക തർക്കത്തെത്തുടർന്ന് തങ്ങൾ രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതികളുടെ മൊഴി. വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് നടൻ ദർശന്റെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് ദർശൻ, പവിത്ര ഗൗഡ എന്നിവരടക്കം മറ്റു 14 പ്രതികളെ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം ലഭിച്ച മൂന്നു പ്രതികളും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസ്. അതേസമയം, ദർശന്റെ ജാമ്യ ഹരജിയിൽ വാദം കേൾക്കുന്നത് സെഷൻസ് കോടതി സെപ്റ്റംബർ 27ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.