രേണുക സ്വാമി വധക്കേസ്; ദർശൻ ജൂലൈ നാലുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: രേണുക സ്വാമി വധക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തൂഗുദീപയെ ജൂലൈ നാലുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദർശന്റെ പൊലീസ് കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചതോടെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കിയതോടെയാണ് ദർശനെയും വിനയ്, പ്രദോഷ്, ധനരാജ് എന്നീ പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടത്. ജൂൺ 11 മുതൽ ദർശൻ പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു. ഒന്നാംപ്രതി പവിത്ര ഗൗഡ അടക്കം മറ്റു 13 പ്രതികളെ രണ്ടു ദിവസംമുമ്പ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവർ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്. കേസിൽ ആകെ 17 പ്രതികളാണുള്ളത്.
ചിത്രദുർഗ ലക്ഷ്മി വെങ്കടേശ്വര ലേഔട്ട് സ്വദേശിയും മെഡിക്കൽഷോപ് ജീവനക്കാരനുമാണ് കൊല്ലപ്പെട്ട രേണുക സ്വാമി (33). ദർശന്റെ സുഹൃത്താണ് ഒന്നാം പ്രതി പവിത്ര ഗൗഡ. പവിത്രക്ക് രേണുക സ്വാമി അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതക കാരണം. രേണുക സ്വാമിയെ ശിക്ഷിക്കണമെന്ന പവിത്രയുടെ ആവശ്യം ദർശൻ കൂട്ടാളികളുടെ സഹായത്തോടെ നടപ്പാക്കുകയായിരുന്നു. ചിത്രദുർഗയിലെ ദർശൻ ഫാൻ ക്ലബ് കൺവീനർ രാഘവേന്ദ്ര എന്ന രഘു രേണുക സ്വാമിയെക്കുറിച്ച് എല്ലാ വിവരവും ശേഖരിച്ച ശേഷം ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കാമാക്ഷിപാളയ പട്ടണഗരെയിലെ കാർ ഷെഡിലെത്തിച്ച് ദർശന്റെ നേതൃത്വത്തിൽ മർദിച്ചു. ഗുരുതര പരിക്കേറ്റ ഇയാളുടെ ശരീരത്തിൽ പല ഭാഗത്തെയും അസ്ഥികൾ ഒടിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പിന്നീട് സുമനഹള്ളിയിലെ അഴുക്കുചാലിൽ കൊണ്ടുതള്ളി.
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ, സാമ്പത്തിക തർക്കത്തെത്തുടർന്ന് തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് ദർശന്റെ അനുയായികൾ കുറ്റമേറ്റെടുത്തു. അന്വേഷണം ഊർജിതമാക്കിയ പൊലീസ്, കേസിൽ പവിത്ര ഗൗഡയുടെയും ദർശന്റെയും പങ്ക് പുറത്തുകൊണ്ടുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.