ഈശ്വരപ്പക്കെതിരെ റോഡ് ഉപരോധം; കേസ് റദ്ദാക്കാനുള്ള ഹരജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
text_fieldsബംഗളൂരു: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റും സമർപ്പിച്ച ഹരജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച വാദംകേൾക്കും. 2022 ഫെബ്രുവരി 14ന് ചുമത്തിയ കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തേ കർണാടക ഹൈകോടതി തള്ളിയിരുന്നു.
ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഡി, കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ വെവ്വേറെ ഫയൽ ചെയ്ത ഹരജികളും ഒപ്പം പരിഗണിക്കും.
ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രിയായിരിക്കെ കെ.എസ്. ഈശ്വരപ്പ കരാർ ജോലികൾക്ക് 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടുവെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് തീവ്ര ഹിന്ദുത്വ സംഘടന, ഹിന്ദു വാഹിനി ദേശീയ ജനറൽ സെക്രട്ടറിയും കരാറുകാരനുമായ ബെലഗാവി ബഡാസ് ഗ്രാമത്തിലെ സന്തോഷ് പാട്ടീൽ ഉഡുപ്പിയിലെ ഹോട്ടലിൽ ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തെത്തുടർന്നാണ് കോൺഗ്രസ് റോഡ് ഉപരോധിച്ചത്. മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയ ഈശ്വരപ്പക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.