റോഡിലെ അതിക്രമം: പ്രതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലിടാൻ പൊലീസ്
text_fieldsബംഗളൂരു: നഗരത്തില്‍ റോഡിലെ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ തന്ത്രവുമായി പൊലീസ്.
റോഡുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയ ബംഗളൂരു പൊലീസ്, വ്യാജ വാഹനാപകടം ഉണ്ടായാൽ ഉടൻ നടപടിയെടുക്കാനും പ്രതികളുടെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാനും നിർദേശം നൽകി.
അടുത്തിടെ നടന്ന സംഭവത്തില്‍ രണ്ടു യുവാക്കള്‍ ബൈക്കിലെത്തി കാബ് ഡ്രൈവറെ ആക്രമിച്ചിരുന്നു. ഒരാൾ ഡ്രൈവറെ കാറില്നിന്നിറക്കാന് ശ്രമിക്കുകയും മറ്റെയാള്‍ കാറിന്റെ ബോണറ്റില്‍ കയറി ചവിട്ടുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
കാറില്‍ യാത്രചെയ്ത വനിതയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം കാറിന്റെ റിയർവ്യൂ മിറർ തകർത്തു. പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ കാറിലെ യാത്രിക മൊബൈലില്‍ പകര്‍ത്തുകയും സംഭവം സമൂഹമാധ്യമത്തില്‍ വൈറല്‍ ആവുകയും ചെയ്തു.മാർച്ച് ഒമ്പതിന് കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വിഡിയോയുടെ അടിസ്ഥാനത്തിൽ കെ.ആർ പുരം പൊലീസ് കേസെടുത്ത് പ്രതികളായ രോഹിത്, മഞ്ചുനാഥ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വിഷയത്തിൽ ബോധവത്കരണം നടത്താനും ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. വിഡിയോ ഷെയര്‍ ചെയ്യുന്നതുമൂലം അക്രമികള്‍ തിരിച്ചറിയപ്പെടുകയും വ്യാജ അപകട കേസുകള്‍ കുറക്കാന്‍ ഇതുവഴി സാധിക്കുകയും ചെയ്യുമെന്ന് പൊലീസ് നിരീക്ഷിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.