ഗതാഗതനിയമ ലംഘനങ്ങൾ; പിഴ ഇളവ് പദ്ധതി നീട്ടാൻ സാധ്യത
text_fieldsബംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പകുതി മാത്രം അടച്ച് ഒറ്റത്തവണ തീർപ്പാക്കാനുള്ള പദ്ധതി നീട്ടാൻ സാധ്യത. ഇതിനുള്ള സർക്കാർ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഹൈകോടതി ജഡ്ജിയും സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റി (കെ.എസ്.എൽ.എസ്.എ) എക്സിക്യൂട്ടിവ് ചെയർമാനുമായ ജസ്റ്റിസ് ബി. വീരപ്പ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. പൊതുജനങ്ങളുടെയും പൊലീസിന്റെയും ആവശ്യം പരിഗണിച്ച് പിഴത്തുകയിൽ ഇളവ് നൽകുന്ന പദ്ധതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേർന്നെങ്കിലും ഔദ്യോഗിക ഉത്തരവ് വന്നിട്ടില്ല. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ കർണാടക ലീഗൽ സർവിസസ് അതോറിറ്റി നിർദേശം ഗതാഗതവകുപ്പിന് കൈമാറിയിട്ടുണ്ട്. ഗതാഗതനിയമലംഘനങ്ങൾ സംബന്ധിച്ച കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഇത്തരം പദ്ധതി നടപ്പാക്കണമെന്ന നിർദേശം നേരത്തേ മുന്നോട്ടുവെച്ചതും ലീഗൽ സർവിസസ് അതോറിറ്റിയാണ്. ആയിരക്കണക്കിനാളുകളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ഫെബ്രുവരി 11നാണ് പദ്ധതി കാലാവധി അവസാനിച്ചത്. ഫെബ്രുവരി 11 വരെ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾ ഇത്തരത്തിൽ അമ്പത് ശതമാനം പിഴയിൽ ഇളവുനേടി ഒറ്റത്തവണയായി തീർപ്പാക്കാനുള്ള സൗകര്യമാണ് അനുവദിച്ചിരുന്നത്.
സംസ്ഥാനത്താകെ 530 കോടി രൂപ പിഴ ഇനത്തിൽ ഇനിയും കിട്ടാനുണ്ട്. ഇതിൽ 500 കോടിയും ബംഗളൂരു നഗരത്തിൽ നിന്നുതന്നെയാണ്. ഈ സാഹചര്യത്തിലായിരുന്നു പദ്ധതി തയാറാക്കിയത്. പദ്ധതി വഴി 130 കോടി രൂപ പിരിച്ചെടുക്കാൻ കഴിഞ്ഞെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.