അമിത് ഷാ വക റോഡ്ഷോ
text_fieldsഗുണ്ടൽപേട്ട് (കർണാടക): മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ ഗുണ്ടൽപേട്ട് മണ്ഡലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ. തിങ്കളാഴ്ച ഉച്ചക്ക് 12.50ഓടെയാണ് അമിത് ഷാ ഹെലികോപ്ടറിൽ ഗുണ്ടൽപേട്ടിൽ എത്തിയത്. ചാമരാജ്നഗർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളുടെ നാലു ശതമാനം ഒ.ബി.സി സംവരണം എടുത്തുകളഞ്ഞ് രണ്ടു ശതമാനം വീതം ലിംഗായത്തുകൾക്കും വൊക്കലിഗർക്കും നൽകിയത് ബി.ജെ.പി സർക്കാറിന്റെ നേട്ടമാണ്. തങ്ങൾ അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെ വന്നാൽ ലിംഗായത്തുകൾക്കും വൊക്കലിഗർക്കുമായിരിക്കും സംവരണം ഇല്ലാതാവുകയെന്നും അദ്ദേഹം ആരോപിച്ചു.
അമിത് ഷാ മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജ നടത്തി. സുരക്ഷ മുൻനിർത്തി ക്ഷേത്രത്തിൽ ഭക്തർ പ്രവേശിക്കുന്നതിന് അര മണിക്കൂറും വാഹന ഗതാഗതം മണിക്കൂറിലേറെയും തടഞ്ഞു.
തിങ്കളാഴ്ച രാവിലെ 10.50നാണ് ഷാ സ്വകാര്യ ഹെലികോപ്ടറിൽ മൈസൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പ്രതാപ് സിംഹ എം.പി, എസ്.എ. രാംദാസ് എം.എൽ.എ, മേയർ ശിവകുമാർ, കർണാടക മൃഗശാല അതോറിറ്റി ചെയർമാൻ എം. ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. റോഡ് മാർഗം സഞ്ചരിച്ച് ഷാ 11.30ന് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തി. കാൽ മണിക്കൂറിലേറെ ക്ഷേത്രത്തിൽ ചെലവഴിച്ച ആഭ്യന്തര മന്ത്രി ഗ്രൂപ് ഫോട്ടോക്ക് പോസ് ചെയ്തു.
മൈസൂരു വിമാനത്താവളത്തിലേക്ക് റോഡ് മാർഗം സഞ്ചരിച്ച് ഹെലികോപ്റ്ററിൽ ഗുണ്ടൽപേട്ടയിലേക്ക് തിരിച്ചു. ഉച്ച 12.50ന് ഗുണ്ടൽപേട്ടയിൽ ഇറങ്ങി. മഡഹള്ളി സർക്ക്ൾ മുതൽ ബസ് സ്റ്റാൻഡ് വരെ അര കിലോമീറ്റർ റോഡ്ഷോ നടത്തി. ഗുണ്ടൽപേട്ട ബി.ജെ.പി സ്ഥാനാർഥി സി.എസ്. നിരഞ്ജൻ കുമാർ, മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.