ആർ.എസ്.എസ് നേതാവ് മദൻ ദാസ് ദേവി അന്തരിച്ചു
text_fieldsബംഗളൂരു: പ്രമുഖ ആർ.എസ്.എസ് നേതാവും മുൻ ജോയന്റ് സെക്രട്ടറിയുമായ (സഹ സര്‍കാര്യവാഹ്) മദൻ ദാസ് ദേവി (81) ബംഗളൂരുവിൽ അന്തരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം ബംഗളൂരുവിലെ രാഷ്ട്രോത്തം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ ആർ.എസ്.എസ് കാര്യാലയമായ കേശവകൃപയില്‍ പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം പുണെയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാവിലെ 11നാണ് സംസ്കാരം. സംഘടനയുടെ മുഴുസമയ പ്രചാരക് ആയ അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നുള്ള ചികിത്സക്കായി ബംഗളൂരുവിൽ കഴിയുകയായിരുന്നു. 1942 ജൂലൈ ഒമ്പതിന് മഹാരാഷ്ട്രയിലെ സോലാപുരിലാണ് മദന്‍ ദാസ് ദേവി ജനിച്ചത്. എംകോമിന് ശേഷം എൽഎൽ.ബിയും നേടി. ജ്യേഷ്ഠനായ ഖുഷാല്ദാസ് ദേവിയുടെ പാത പിന്തുടര്ന്നാണ് ആർ.എസ്.എസിലേക്ക് എത്തിയത്.
1966ൽ എ.ബി.വി.പിയുടെ മുംബൈ ഘടകം സെക്രട്ടറിയായി. 1968ല്‍ പശ്ചിമാഞ്ചല്‍ മേഖലയിലെ സംഘടനാ കാര്യദര്‍ശി എന്ന നിലയില്‍ പൂര്‍ണസമയ പ്രവര്‍ത്തകനായി. 1970ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സമ്മേളനത്തില്‍ ദേശീയ സംഘടനാ സെക്രട്ടറിയായി. 1992 വരെ ദേശീയ സംഘടന സെക്രട്ടറിയായി തുടര്‍ന്നു.
ശേഷം ആർ.എസ്.എസിന്റെ ചുമതലയിലേക്ക് എത്തിയ മദന്‍ദാസ് 1992 മുതല്‍ 94 വരെ അഖില ഭാരതീയ സഹ പ്രചാരക് പ്രമുഖായും 1994 മുതല്‍ സഹ സര്കാര്യവാഹുമായിരുന്നു. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.